ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു.
കാട്ടൂർ സ്വദേശി എറിയാപറമ്പിൽ സജികുമാർ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ഷോക്കേറ്റത്. ഇന്ന് രാവിലെയാണ് മരണം.
കാലിത്തീറ്റയ്ക്കായുള്ള തവിടിൻ്റെ ചാക്കുകൾ ഗുഡ്‌സ് ട്രെയിനിൽ നിന്ന് തൊഴിലാളികൾ ഇറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോൾ തവിട് നിറച്ച ചാക്കുകൾ നനയാതിരിക്കാൻ ലോറിക്കു മുകളിൽ കയറി ടാർപ്പായ ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
ലോറിയുടെ മുകളിൽ നിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാൽ ഗുഡ്സ് ട്രെയിനിൻ്റെ മുകളിൽ വെച്ചപ്പോൾ വൈദ്യുതി ലൈനിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു.
തുടർന്ന് ശരീരം മുഴുവൻ തീ പിടിച്ച് താഴേയ്ക്കു വീണുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
