പട്ടാമ്പി താലൂക്കിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ വാവനൂരിൽ സംഘടിപ്പിച്ച ഓണത്തിളക്കം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേറിട്ട ഓണ സംഗമമായി. 150ലേറെ ഭിന്നശേഷിക്കാരും സഹായികളും ഉൾപ്പെടെ നാനൂറോളം പേർ ആഘോഷത്തിൽ പങ്കെടുത്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ അധ്യക്ഷയായി. പ്രതീക്ഷ പാലിയേറ്റീവ് പ്രതിനിധി പ്രദീപ്, സഹയാത്ര പ്രസിഡന്റ് ബാലകൃഷ്ണൻ, അഡ്വ. വിദ്യാധരൻ, സുബൈർ, ഷാജി മേഴത്തൂർ, ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
ഒരുമിച്ചിരുന്ന് പൂക്കളം ഒരുക്കിയും വടംവലി, മ്യൂസിക് ബോൾ, ലെമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തും അവർ ഓണാഘോഷത്തിന് നിറം പകർന്നു.
നിയാസ് ചാലിശ്ശേരി മാവേലിയായി തിളങ്ങി. പൂമ്പാറ്റ ടീം കോ- ഓർഡിനേറ്റർ അപർണയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും, സംഗീത വിരുന്നും ആഘോഷത്തിന് മിഴിവേകി. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. തുടർച്ചയായി രണ്ടാം വർഷമാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
പട്ടാമ്പി ലിമെന്റ് കോളേജ് എൻ.എസ്.എസ്. വിദ്യാർഥികളും സഹായികളായി. സുലൈഖ പറക്കാട്, ഷാജി ആമയൂർ, സിദ്ധിഖ്, രമേഷ്, നിയാസ് ചാലിശ്ശേരി, പ്രേമലത എന്നിവർ നേതൃത്വം നൽകി.
