പാവർട്ടി തരകൻ കോഴിപ്പറമ്പിൽ വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ബെൻഹറിനെ (45) വീട്ടിൽ നിന്നുതന്നെ പാവറട്ടി പോലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.
വീട്ടിലെ തോട്ടത്തിൽ പതിവ് ജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ പ്രകോപനമൊന്നും കൂടാതെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു ആദ്യം കത്തികൊണ്ട് കഴുത്തറുക്കുകയും പിന്നീട് വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയുമായിരുന്നു എന്നാണ് വിവരം.
വീട്ടിൽ നിന്നും കത്തിയുമായി എത്തിയ ബെൻഹർ തോട്ടത്തിൽ നിൽക്കുകയായിരുന്ന ഡോളിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചാണ് കഴുത്തറുത്തത്. പിന്നാലെ അകത്തുപോയി വെട്ടുകത്തി എടുത്തു കൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് തലയ്ക്ക് ആഴത്തിൽ വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇവരുടെ പറമ്പിൽ ജോലി ചെയ്തിരുന്ന സമീപ വാസിയായ അറയ്ക്കൽ ഡേവിസ് സംഭവം കണ്ട് ബെൻഹറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെയും ബെൻഹർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കത്തികൊണ്ട് ഡേവിസിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ബെൻഹർ ലഹരിക്കടിമയായിരുന്നുവെന്നും ഡി അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പാവർട്ടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
