ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ പുതിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നും വിദ്യാസമ്പന്നരായ യുവാക്കള്‍ സേനയിലേക്ക് എത്തുന്നത് കേരള പോലീസിന്‍റെ മികവും പ്രവര്‍ത്തനക്ഷമതയും ഉയര്‍ത്തുമെന്നും ഓരോ പോലീസ് ഉദ്യോഗസ്ഥനും സമൂഹത്തിനു റോള്‍ മോഡലായി മാറണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.
മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍, പാസിങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനില്‍ നിന്നുള്ള 127 ഉം കേരള ആംഡ് പോലീസ് രണ്ടാം ബറ്റാലിയനില്‍ നിന്നുള്ള 110 ഉം ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ നിന്നും പരിശീലനം ലഭിച്ച 110 റിക്രൂട്ട് പോലീസ് ഡ്രൈവര്‍ സേനാംഗങ്ങളും ഉള്‍പ്പെടെ 347 റിക്രൂട്ട് പോലീസ് സേനാംഗങ്ങളാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
പി.വിനീത് നയിച്ച പരേഡിന്‍റെ സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍ ഹാഷിം അലിയാര്‍ ആയിരുന്നു. കെ.എ.പി ഒന്നാം ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് കെ.ആർ അജിത്ത് ആണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായ ആർ.ജെ ഷിനു റോബിന്‍ തന്നെയാണ് മികച്ച ആള്‍ റൗണ്ടറും. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് പി.എസ് വിഷ്ണു ആണ്.
കെ.എ.പി രണ്ടാം ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീഹരി എന്‍.ആനന്ദ് ആണ്. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് സി.ബി സജിത്ത് ആണ്. വി.ഹര്‍ഷദ് ആണ് മികച്ച ആള്‍ റൗണ്ടര്‍.
ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആര്‍.എസ് രാഹുൽ ആണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി കെ.എ അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് വി.എസ് ബിജിന്‍ രാജ് ആണ്. എം. ഉബൈദ് ആണ് മികച്ച ആള്‍ റൗണ്ടര്‍.
അടിസ്ഥാന പരിശീലനത്തന്‍റെ ഭാഗമായി ഇവര്‍ക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വര്‍ധിപ്പിക്കുന്ന പാഠങ്ങളാണ് പകര്‍ന്നു നല്‍കിയത്. ഔട്ട്ഡോര്‍ വിഭാഗത്തില്‍ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തല്‍, വിവിധ സെല്‍ഫ് ഡിഫന്‍സ് പരിശീലനങ്ങള്‍, ഫയറിംഗ് എന്നിവയില്‍ പരിശീലനം ലഭിക്കുകയുണ്ടായി.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സംഹിത, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ, സൈബര്‍ കുറ്റകൃത്യങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കിയിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, പീനോളജി, വിക്ടിമോളജി, സൈബര്‍ ഫോറന്‍സിക് എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയവ പോലീസിന്‍റെ മാനവിക മുഖത്തിന്‍റെ സാക്ഷ്യം കൂടിയാണ്.
എം.എല്‍.എമാരായ എ.പ്രഭാകരന്‍, രമേശ് പിഷാരടി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ജില്ലാ കലക്ടർ കെ സുധീർ, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ, കേരള പോലീസ് അക്കാദമി ഡയറക്ടറും ഐ.ജിയുമായ കെ.സേതുരാമന്‍, തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ടി.നാരായണന്‍, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി ജെ. ഹിമേന്ദ്രനാഥ്, ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്തെ കമാണ്ടന്‍റ് കെ.ഇ ബൈജു, ജില്ലാ പോലീസ് മേധാവി എ. അബ്ദുള്‍ റാഷി, കമാണ്ടന്‍റുമാരായ പി. വാഹിദ്, ജാക്സണ്‍ പീറ്റര്‍, ആർ.രാജേഷ്, യു.പ്രേമന്‍, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
