പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടക വസ്തു എറിയുകയും ആക്രമിക്കുകയും ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി പിടിയിലായി.
പൂവാട്ടുപറമ്പ് സ്വദേശി ഹർഷാദ് എന്ന സാബു (38) വിനെയാണ് മാവൂർ പോലീസും ക്രൈം സ്‌ക്വാഡും ചേർന്ന് വയനാട്ടിൽ നിന്നും പിടികൂടിയത്. സംഭവം നടന്ന ജൂലായ് 11 മുതൽ ഇയാൾ ഒളിവിലായിരുന്നു. പെരുവയൽ കൊടശ്ശേരി താഴത്ത് സ്വകാര്യ വില്ലയിൽ എത്തിയ പ്രത്യേക അന്വേഷണ സംഘത്തെയാണ് സ്ഫോടക വസ്തു എറിഞ്ഞും തോക്കു ചൂണ്ടിയും ഗുണ്ടാസംഘം ആക്രമിച്ചത്.
ഇതിനിടെ കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഹർഷാദ് മുങ്ങി. പിന്നീടാണ് ഇയാൾ വയനാട്ടിലെ ഒരു റിസോർട്ടിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.
ഇവിടെ വെച്ചും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പിടിയിലായ ഹർഷാദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. നേരത്തെയും കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഹർഷാദ്.
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടാൻ എത്തിയ പാലക്കാട്ടെ എസ്.ഐ.ടി സംഘത്തിന് നേരെയായിരുന്നു ജൂലൈ 11 ന് ആക്രമണം നടന്നത്. പെരുവയൽ കൊടശ്ശേരി താഴത്തെ വില്ലയിൽ വെച്ച് പോലീസിനുനേരെ അഞ്ചംഗ ഗുണ്ടാ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞ് പരിക്കേൽപ്പിച്ചത്.
അന്നുതന്നെ മറ്റ് നാല് പ്രതികളായ കാസർകോട് നീലേശ്വരം സ്വദേശി ആട് ഷമീർ (36), ഒറ്റപ്പാലം കണ്ണിയമ്പുറം സ്വദേശി വിഷ്ണു സൽമാൻ (28), കൊട്ടാരക്കര സ്വദേശി ഡേവിഡ് കാർമൽ അലക്‌സ് (38), മാവൂർ കുതിരാടം സ്വദേശി ജാസ്‌മോൻ (32) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. അന്ന് ഓടി രക്ഷപ്പെട്ട ഹർഷാദ് കൂടി പിടിയിലായതോടെ ഈ കേസിലെ മുഴുവൻ പ്രതികളും പോലീസിന്റെ വലയിലായി.
2025 ഡിസംബർ ആറിനാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലി (72) യെ യാത്രയ്ക്കിടയിൽ കാർ ആക്രമിച്ച് തോക്കുചൂണ്ടി ക്രിമിനൽ സംഘം തട്ടിക്കൊണ്ടു പോയത്. പട്ടാമ്പി- ആറങ്ങോട്ടുകര റോഡിൽ കോഴിക്കാട്ടിരി പാലത്തിനു സമീപത്തു വെച്ച് പിന്തുടർന്നെത്തിയ ക്വട്ടേഷൻ സംഘമാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്നു നടത്തിയ തിരച്ചിലിലാണ് ഒറ്റപ്പാലം കോതകുറിശ്ശി പത്തംകുളത്ത് അക്രമികളുടെ കയ്യിൽ നിന്നു രക്ഷപ്പെട്ട മുഹമ്മദാലിയെ നാട്ടുകാർ കണ്ടെത്തി പൊലീസിൽ ഏൽപിച്ചത്. ശരീരമാകെ പരുക്കേറ്റ മുഹമ്മദാലി ദിവസങ്ങളോളം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതിനിടയിൽ വിഡിയോ ചിത്രീകരിച്ചു ബന്ധുക്കൾക്ക് അയച്ച് 70 കോടി രൂപ മോചനദ്രവ്യം പ്രതികൾ ആവശ്യപ്പെട്ടിരുന്നു. കേസിന്‍റെ മുഖ്യസൂത്രധാരൻ വ്യവസായിയുടെ ബന്ധു പൂങ്ങോട് സ്വദേശി സിയാസ് ആണെന്നു തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഇയാളെ മാസങ്ങൾക്കു മുൻപ് അറസ്‌റ്റ് ചെയ്‌തു.
