ഇന്ന് രാവിലെ വെങ്ങാനൂർ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് കാറിന് തീപിടിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ സാധിച്ചില്ല.
മരിച്ചയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമാനൂർ തെള്ളകം സ്വദേശി ടൈറ്റസ് കുര്യനാണ് (50) മരിച്ചതെന്ന് സംശയമുണ്ട്. മുൻ സൈനികനാണ്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റെനോയുടെ ക്വിഡ് മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് കുടുങ്ങിയതുകൊണ്ടാവാം ഡ്രൈവർക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നാണ് സംശയിക്കുന്നത്.
ബൈക്കിൽ വരികയായിരുന്ന ഒരു യുവാവും ഓട്ടോ ഡ്രൈവറുമാണ് ആദ്യം ഈ അപകടം കാണുന്നത്. റോഡരികിലെ പോസ്റ്റിന് സമീപത്ത് കാറിന്റെ മുൻഭാഗത്ത് തീപിടിക്കുന്നത് കണ്ട് ഇവർ ഡ്രൈവറെ വിളിച്ചെങ്കിലും, വണ്ടി പിന്നോട്ട് ഉരുണ്ട് നീങ്ങി ആളിപ്പടരുകയായിരുന്നു. അഗ്‌നി ഗോളം ഉയർന്ന് വൈദ്യുതി ലൈൻ തൊടുമെന്ന ഭീതിയും ഉണ്ടായി.
കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും അതുവഴി പോയ മറ്റു യാത്രക്കാരും വിവരം ശ്രദ്ധിച്ചത്. നാട്ടുകാരിൽ ചിലർ ബൈക്ക് നിർത്തി കാറിന്റെ പിൻവശത്തെ ഗ്ലാസും ഡോറും തകർത്ത് അകത്തുണ്ടായിരുന്ന ആളെ പുറത്തെത്തിക്കാൻ അതിസാഹസികമായി ശ്രമിച്ചെങ്കിലും കനത്ത തീയും പുകയും കാരണം അടുത്തേക്ക് ചെല്ലാനായില്ല.
വിവരമറിഞ്ഞ് വിഴിഞ്ഞം, കാട്ടാക്കട പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിച്ചാമ്പലായിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണ്ണമായി കരിഞ്ഞ നിലയിലായിരുന്നു.
പൂർണ്ണമായി കത്തിനശിച്ച കാറിന്റെ നമ്പർ പ്ലേറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈറ്റസ് കുര്യൻ എന്നയാളുടെ പേരിലാണ് വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വണ്ടി ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താനും മൃതദേഹം തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് പോലീസ്.

