കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്ന അസീം ആണ് മരിച്ചത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കസ്റ്റംസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം അരീക്കോട്ടെത്തിക്കും. പുത്തലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 6 മണിക്ക് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മലപ്പുറം അരീക്കോട് സ്വദേശിയാണ്. കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകനാണ്. പ്രമുഖ ഫുട്ബാളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ്.
അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അദ്ദേഹം, മറ്റ് മൂന്ന് സംസ്ഥാനങ്ങൾക്കുവേണ്ടിയും ജഴ്സിയണിഞ്ഞിട്ടുണ്ട്. ക്ലബ് ഫുട്ബോൾ രംഗത്തും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
വാസ്കോ ഗോവ, സാൽഗോക്കർ ഗോവ, മുംബൈ എഫ്.സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.
ഇതിനുപുറമെ, സന്തോഷ് ട്രോഫി ടൂർണമെന്റിൽ 2010ൽ മഹാരാഷ്ട്രക്കായും 2013ൽ തമിഴ്‌നാടിനായും ജഴ്സിയണിഞ്ഞു. ഒമ്പത് സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.
