ആന്ധ്ര സ്വദേശിയെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ ബീഹാർ സ്വദേശി പിടിയിൽ

കഴിഞ്ഞ മാസം ആന്ധ സ്വദേശിയെ  കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ ബീഹാർ സ്വദേശിയെ ഒറ്റപ്പാലം പൊലീസ് പിടികൂടി. 

ആന്ധ്രയിലെ ബോധേവരി വിജയനഗരം സ്വദേശി വരപ്രസാദിന് (55) കുത്തേറ്റ സംഭവത്തിലാണ് ബീഹാർ വൈശാലി സ്വദേശിയായ ശശിഭൂഷൺ കുമാർ പിടിയിലായത്. സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട ശശിഭൂഷണെ അവിടെയെത്തിയാണ് പൊലീസ് പിടികൂടിയത്.

ആഗസ്റ്റ് 22ന് വൈകീട്ട് അഞ്ച് മണിയോടെയാണ് കേസിനാധാരമായ സംഭവം. താടിക്ക് താഴെ കഴുത്തിൽ നിന്ന് രക്തം ഒഴുകുന്ന നിലയിൽ  ഒറ്റപ്പാലം ജാസ് തിയറ്റർ പരിസരത്ത് വരപ്രസാദിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കുത്തിൻ്റെ പിന്നാമ്പുറ കഥകൾ വെളിപ്പെട്ടത്.

വരപ്രസാദ് കടമായി നൽകിയ പണം തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ്  കത്തിക്കുത്തിൽ കലാശിച്ചത്.  ശശിഭൂഷൺ കുമാറിൻ്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് കത്തിയെടുത്ത് കഴുത്തിൽ കുത്തിയെന്നാണ് കേസ്. 

ബസ് സ്റ്റാൻ്റ് പരിസരത്തുണ്ടായ ആക്രമണത്തിന് ശേഷം ചോരയൊലിപ്പിച്ച് നടന്നുവന്ന വരപ്രസാദ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത് ജാസ് തിയറ്റർ പരിസരത്ത് എത്തിയപ്പോഴാണ്. 

കഴുത്തിന് കുത്തേറ്റ വരപ്രസാദ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എ.  അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം