കൊപ്പം ടൗൺ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ

പട്ടാമ്പി കൊപ്പം ടൗൺ നവീകരണത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ അറിയിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ശേഷം ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുകയാണ് ലക്ഷ്യം. നേരത്തെ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് ആശുപത്രിക്ക് എതിർവശത്ത് ആധുനിക ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതോടൊപ്പം ബസുകൾക്ക് സുരക്ഷിതമായി നിർത്താനും യാത്രക്കാർക്ക് സൗകര്യപ്രദമായി കയറിയിറങ്ങാനും വേണ്ട സൗകര്യങ്ങൾ ഒരുക്കും. 

മുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളക്കെട്ട് ആശുപത്രി പരിസരത്ത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്കുള്ള ശാശ്വത പരിഹാരമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം കൊപ്പം- വളാഞ്ചേരി റോഡിലെ പുലാശ്ശേരി ഭാഗത്തും സൈഡ് കെട്ടുന്നതിനും തിരുവേഗപ്പുറ വരെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 50 ലക്ഷം രൂപയും, തിരുവേഗപ്പുറത്തെ കൾവേർട്ട്- ഡ്രെയിനേജ് സംവിധാനത്തിനായി 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തിയായതോടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. 

കൊപ്പം ടൗണിനെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി പൊതുജനങ്ങൾക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയുന്ന സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരണം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നേരത്തെ കൊപ്പം ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാൽ ടൗണിൽ ജനങ്ങൾ വുദ്ധിമുട്ടുകയാണ്. ആയതിനാൽ  എല്ലാവർക്കും പ്രയോജനപ്പെടുന്ന നിലയ്‌ക്കുള്ള പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ആശുപതിക്ക് എതിർ വശത്തായി പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

തിരുവേഗപ്പുറ ചെക്ക്പോസ്റ്റിൽ പുതിയ കൾവേർട്ട് ഉണ്ടാക്കുന്നത് യാത്രക്കാരെയും പൊതുജനങ്ങളെയും ബാധിക്കുമെന്നതിനാൽ കൾവേർട്ടില്ലാതെ നേരെ പുഴയിലേക്ക് ഡ്രെയിനേജ് എത്തിക്കാനുള്ള ബദൽ മാർഗ്ഗം നോക്കണമെന്നും അതിന് സ്ഥലം ലഭ്യമാക്കാൻ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സർവകക്ഷിക്ക് രണ്ടാഴ്ച സമയം നൽകാനും എൻജിനീയറോട് എം.എൽ.എ നിർദ്ദേശിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം