തൃശൂർ കയ്പമംഗലം ദേശീയ പാതയിൽ പനമ്പിക്കുന്നിലുണ്ടായ വാഹനാപകട ദൃശ്യം അതിദാരുണം. അപകടത്തിൽ നിരത്തിൽ പൊലിഞ്ഞത് എട്ടു ജീവൻ.
കാർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകട സ്ഥലത്തു തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.
കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ 7 വിദ്യാർഥികളുമാണ് മരിച്ചത്. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗല്‍), ജീവ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. യുവ സഞ്ജിത്താണ് കാര്‍ ഓടിച്ചിരുന്നത്. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.
അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി.
ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഈ മേഖലയിൽ അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡരികിലായി മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു. ഇതിൽ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചു കയറിയത്.
എട്ടു പേരുടെ ജീവൻ കവർന്നതിന് കാരണം ദേശീയ പാത അതോറിറ്റിയാണെന്നും അശാസ്ത്രീയമായ പാർക്കിങ്ങാണ് അപകടത്തിനിടയാക്കിയതെന്നും ആക്ഷേപമുണ്ട്. മൂന്ന് ലോറികൾ ഇതേ സ്ഥലത്ത് നിർത്തിയിട്ടുണ്ട്. ലോറികൾ അലക്ഷ്യമായാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ദേശീയ പാതയുടെ സ്പീഡ് ട്രാക്കറിലാണ് ലോറി നിർത്തിയിട്ടിരുന്നത്. വാഹനങ്ങൾ വഴിതരിച്ച് വിടുന്ന സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്. മുന്നറിയിപ്പ് ബോർഡ് കാണാത്ത തരത്തിലായിരുന്നു ലോറി നിർത്തിയിട്ടിരിക്കുന്നതെന്നും ആരോപണമുണ്ട്. ലോറി ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അപകടത്തില്‍ മരിച്ച എട്ട് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ എട്ട് പേരും അപകട സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരിക്കാമെന്നാണ്പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് പിഴവില്ലെന്ന പ്രസ്താവനയുമായി എന്‍.എച്ച്.എ.ഐ അധികൃതർ രംഗത്തെത്തി. അമിത വേഗതയും അനധികൃത പാര്‍ക്കിങുമാണ് അപകടത്തിന് കാരണമായത്. നിര്‍മ്മാണം നടക്കുന്നിടത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

