ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.

(പ്രതീകാത്മക ചിത്രം)

രാജേഷ്- താര ദമ്പതിമാരുടെ മകൻ രാഹുലാണ് മരിച്ചത്. ബുധനാഴ്ച (ഒക്ടോബർ 14) രാത്രി കിടന്നുറങ്ങിയ കുഞ്ഞിനെ വ്യാഴാഴ്ച (ഒക്ടോബർ 15) രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുട്ടിയുടെ അമ്മയായ താരയെ പ്രസവ വേദനയെ തുടർന്ന് ബുധനാഴ്ച (ഒക്ടോബർ 14) വൈകുന്നേരത്തോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ആശുപത്രിയിൽ മറ്റൊരു കുഞ്ഞിന് കൂടി ജന്മം നൽകി. താരയെ ആശുപത്രിയിലേക്ക് മാറ്റിയ സമയം മരിച്ച രാഹുൽ ഉൾപ്പെടെയുള്ള മറ്റ് കുട്ടികളും അച്ഛൻ രാജേഷുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ രാഹുൽ മരിച്ചു കിടക്കുകയാണെന്ന് അച്ഛൻ മറ്റ് മക്കളോട് പറയുകയായിരുന്നു. തുടർന്ന് കുട്ടികളുടെ മടിയിലിരുത്തി ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

നേരത്തെയും ഇവരുടെ ഒരു ആൺകുട്ടി കയ്യിൽ നിന്ന് താഴെ വീണു മരിച്ചതായി ഇവർ പറഞ്ഞിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം വ്യക്തമാക്കി. കുടുംബത്തിൽ നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ ആകെ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു ആൺകുട്ടി മുൻപ് സമാനരീതിയിൽ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസങ്ങളോ പ്രത്യേക ആചാരങ്ങളോ ഉണ്ടോ എന്ന ശക്തമായ സംശയമാണ് പ്രദേശവാസികളും ജനപ്രതിനിധികളും ഉയർത്തുന്നത്.

ഇതുവരെ ഏഴ് പ്രസവങ്ങളിലായി എട്ട് കുട്ടികൾക്കാണ് താര ജന്മം നൽകിയിട്ടുള്ളത്. കുട്ടികളെ സ്കൂളിൽ വിടാതെ വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരുന്നത്. മുൻപ് കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ ജനപ്രതിനിധികളും ശിശുക്ഷേമ വകുപ്പ് അധികൃതരും ശ്രമിച്ചപ്പോഴൊക്കെ ഇവർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 

സംഭവത്തിൽ സുതാര്യവും വിശദവുമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ മരിച്ച കുഞ്ഞിന്റെ ഭൗതികശരീരം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിൻ്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മരണപ്പെട്ട കുട്ടിക്ക് തൂക്കക്കുറവുണ്ടെന്നും പോഷകാഹാരത്തിൻ്റെ അഭാവമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് ആവശ്യത്തിന് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. വയസിന് അനുസരിച്ചുള്ള തൂക്കം കുഞ്ഞിന് ഉണ്ടായിരുന്നില്ല. രക്തക്കുറവിന്റെ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞിന്റെ തൊണ്ടയിൽ പാല് കുടുങ്ങിയതാണ് മരണ കാരണമെന്നാണ് പിതാവ് പ്രാദേശിക ജനപ്രതിനിധികളോട് പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. പ്രാഥമിക റിപ്പോർട്ടിൽ മറ്റ് അസ്വാഭാവികതകൾ ഒന്നും കണ്ടെത്തിയതായി പറയുന്നില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം