കർണാടകയിൽ വീണ്ടും വൻ ബാങ്ക് കവർച്ച; സ്വർണ്ണവും പണവും ഉൾപ്പെടെ 20 കോടി കൊള്ളയടിച്ചു.

കർണാടകയിൽ വീണ്ടും വൻ ബാങ്ക് കവർച്ച. വിജയപുര ജില്ലയിലുള്ള ചാഡ്‌ചൻ പട്ടണത്തിലെ എസ്.ബി.ഐ ശാഖയിലാണ് കൊള്ള നടന്നത്. സ്വർണ്ണമുൾപ്പെടെ ഏകദേശം 20 കോടിയാണ് കവർച്ച ചെയ്യപ്പെട്ടത്.

ചൊവ്വാഴ്‌ച വൈകുന്നേരം ആറരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച കവർച്ച നടന്നത്.  പട്ടാള വേഷത്തിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം കത്തിയും തോക്കുമെടുത്ത് ജീവനക്കാരെ കെട്ടിയിട്ടാണ് കവർച്ച നടത്തിയത്.

അക്കൗണ്ട് തുടങ്ങാനെന്ന വ്യാജേനയാണ് സായുധ സംഘം വന്നത്. മാനേജറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുടക്കം. ജീവനക്കാരുടെ കൈകാലുകൾ കെട്ടിയിട്ട് താക്കോൽ കൈവശപ്പെടുത്തിയാണ് ലോക്കർ തുറന്ന് പണവും സ്വർണ്ണവുമായി സംഘം സ്ഥലം വിട്ടത്.

20 കിലോ ഗ്രം വരുന്ന സ്വർണവും ഒരു കോടിയോളം വരുന്ന പണവുമാണ് കവർച്ച ചെയ്യപ്പെട്ടത് എന്നാണ് പൊലീസ് പറയുന്ന കണക്ക്.  20 കോടിയുടെ മൂല്യമാണ് കണക്കാക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ കാറിലാണ് സംഘമെത്തിയതെന്നും അതിലെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞതായും വിജയപുര പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.  ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് പറഞ്ഞു.

ഈ വർഷം വിജയപുര ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബാങ്ക് കൊള്ളയാണിത്. മണഗുളി പട്ടണത്തിലുള്ള കാനറ ബാങ്ക് ശാഖയിൽ നിന്ന് ഏകദേശം 59 കിലോ ആഭരണങ്ങളും 5.2 ലക്ഷം രൂപയും കഴിഞ്ഞ മെയ് മാസത്തിൽ കവർന്നിരുന്നു.  കവർച്ചയുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം