പാലക്കാട് ജില്ലയിൽ 62 വില്ലേജ് ഓഫീസുകൾ സ്‌മാർട്ടായി.

പാലക്കാട് ജില്ലയിലെ 62 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. പ്ലാൻ ഫണ്ട് ഉപയോഗിച്ച് 21, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രകാരം 37, റിനോവേഷൻ മുഖേന ഒന്ന്, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് രണ്ട്, പി.ഡബ്ല്യു.ഡി ഫണ്ട് ഉപയോഗിച്ച് ഒന്ന് എന്നിങ്ങനെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 

ജില്ലയിൽ ആകെ 157 വില്ലേജ് ഓഫീസുകളാണുള്ളത്. ഇതിൽ 89 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 11 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. പ്ലാൻ ഫണ്ട് ഉപയോഗിച്ച് ആറ്, റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രകാരം മൂന്ന്, സ്കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രകാരം രണ്ട് എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ബാക്കിയുള്ളവയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് അഞ്ച് ലക്ഷം പട്ടയം വിതരണം ചെയ്യുമെന്നും 5.25 ലക്ഷം വീട് എന്ന ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

തൃത്താല മണ്ഡലത്തിലെ പരുതൂർ സ്മാർട്ട് വില്ലേജ് ഓഫീസ്, നാഗലശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം, പട്ടയ വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു.

തൃത്താല മണ്ഡലത്തില്‍ 51 മിച്ചഭൂമി പട്ടയങ്ങളുള്‍പ്പെടെ 194 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്.  നാലര വര്‍ഷത്തിനിടെ മണ്ഡലത്തില്‍ 2021 മെയ്  മുതല്‍ ആകെ 2531 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്. 86 മിച്ചഭൂമി പട്ടയങ്ങള്‍, 389 ലക്ഷംവീട് പട്ടയങ്ങള്‍, 42 ലാന്റ് അസൈന്‍മെന്റ്  പട്ടയങ്ങള്‍, 202 ദേവസ്വം പട്ടയങ്ങള്‍, 1812 എല്‍.ടി പട്ടയങ്ങള്‍ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

പല്ലീരി ശശികുമാര്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ ആറര സെന്റ് സ്ഥലത്ത് എസ്.എസ്.എ.എസ്.സി.ഐ (സ്‌കീം ഫോര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്) ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവിലാണ് നാഗലശ്ശേരി വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്താണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.  സ്ഥലപരിമിതി മൂലം പുതിയൊരു ഓഫീസ് കെട്ടിടം എന്നത് അനിവാര്യമായിരുന്നു. കൂറ്റനാട് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് സമീപത്താണ് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം