മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തിയതോടെ ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഒരുക്കങ്ങൾ ഊർജ്ജിതമായി. ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച രാവിലെ തുടങ്ങും. ജര്‍മന്‍ പന്തല്‍ അടക്കമുള്ള സജ്ജീകരണങ്ങളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. 3000ത്തിലേറെ പ്രതിനിധികള്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും.
രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് സെഷനുകളായാണ് അയ്യപ്പ സംഗമം നടക്കുക. ചര്‍ച്ചയില്‍ വി.വി.ഐ.പികള്‍ അടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍, തീര്‍ത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോൾ ഇതര സംസ്ഥാനങ്ങൾ പ്രതികരിച്ചിട്ടില്ല. രണ്ട് മന്ത്രിമാർ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മന്ത്രിമാരായ പി.കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് എത്തുക.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എൻ സംഗീത്കുമാർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയ സമാജം ജനറൽ സെക്രട്ടറി പി.കെ സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി പ്രബോധ തീർത്ഥ തുടങ്ങിയവർ പങ്കെടുക്കും. അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളുടെ പ്രതിനിധികളും ഉണ്ടാവും.
