മാലിന്യം മുതൽ വരുമാനം വരെ ഞാൻ എന്ന ഒരു വീട്ടമ്മയുടെ കാഴ്ചപ്പാട് :
നഗരം എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് വലിയ കെട്ടിടങ്ങളുടെയും തിരക്കിന്റെയും ചിത്രങ്ങളാണ്. എന്നാൽ, ആ ആധുനികതയുടെ മറുവശം, പലപ്പോഴും പിന്നാമ്പുറക്കാഴ്ചയായി നാം കണ്ടിട്ടും കാണാതെ പോകുന്ന ജലമലിനീകരണവും, കുന്നുകൂടുന്ന ബയോ-വേസ്റ്റുകളുമാണ്.
ഈ മാലിന്യം ഇന്ന് കേരളത്തിലെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള എല്ലാ നഗരങ്ങളുടെയും, പട്ടാമ്പി മുതൽ എറണാകുളം വരെയുള്ള എല്ലാ പ്രദേശങ്ങളുടെയും വലിയൊരു തലവേദനയാണ്.
പട്ടാമ്പിയിൽ താമസിക്കുന്ന ഒരു സാധാരണ വീട്ടമ്മ എന്ന നിലയിൽ, ഈ വിഷയം എന്നെപ്പോലുള്ള ആയിരക്കണക്കിന് കുടുംബിനികൾ നേരിടുന്ന ഒരു സംഘർഷമാണ്.
നഗരങ്ങളിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വീടുകളിലും, അതിലുപരി സൗകര്യങ്ങൾ കുറഞ്ഞ കോട്ടേജുകളിലും താമസിക്കുന്ന സാധാരണക്കാർക്ക് മാലിന്യം സംസ്കരിക്കാൻ ഫലപ്രദമായ ഉപാധികളില്ല. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ മുനിസിപ്പാലിറ്റിയിൽ നിന്നുള്ളവർ എത്തുന്നുണ്ടെങ്കിലും, അതിന്റെ സമയക്രമത്തിലുള്ള അനിശ്ചിതത്വം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.
എറണാകുളം പോലുള്ള വലിയ നഗരങ്ങളിലെ ഫ്ലാറ്റുകളിൽ കൃത്യമായ ഇടവേളകളിൽ വേസ്റ്റ് ശേഖരിക്കുകയും അതിന് പ്രതിഫലം ഈടാക്കുകയും ചെയ്യുന്നുണ്ട്. അവിടെ പ്രശ്നങ്ങൾ താരതമ്യേന കുറവാണ്. എന്നാൽ, നമ്മുടെ നാട്ടിലെ ഭൂരിഭാഗം സാധാരണക്കാർക്കും ഈ ചിട്ടയും സൗകര്യങ്ങളും ലഭ്യമല്ല.
മാലിന്യം ഒരു ഭാരമല്ല: പരിഹാരമാണ് എന്റെ ആശയം !
ഈ പ്രശ്നത്തിന് ഒരു വീട്ടമ്മയുടെ പ്രായോഗികമായ കാഴ്ചപ്പാടിൽ എനിക്കൊരു പരിഹാരം മുന്നോട്ട് വെക്കാനുണ്ട്. അത് വെറുമൊരു ക്ലീനിംഗ് പ്രോഗ്രാം എന്നതിലുപരി, സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വഴിയൊരുക്കുന്ന ഒരു പദ്ധതിയാണ്. എന്റെ നിർദ്ദേശങ്ങൾ ഇവയാണ്:
ഒന്ന്: കൃത്യതയുള്ള മാലിന്യശേഖരണം:
ബയോ-വേസ്റ്റ് ദിവസേനയും പ്ലാസ്റ്റിക് വേസ്റ്റ് മാസത്തിൽ ഒരു നിശ്ചിത ദിവസം നിർബന്ധമായും ശേഖരിക്കാൻ മുനിസിപ്പാലിറ്റി സമയബന്ധിതമായി ആളുകളെ നിയമിക്കണം.
രണ്ട് : പൗരന്റെ പങ്കാളിത്തം:
ഓരോ വീട്ടമ്മയും ബയോ-വേസ്റ്റും പ്ലാസ്റ്റിക് വേസ്റ്റും പരസ്പരം കൂടിക്കലരാതെ വൃത്തിയായി തരംതിരിച്ച് ശേഖരണത്തിന് തയ്യാറാക്കി വെക്കണം. ഇത് ശുചീകരണ പ്രക്രിയയുടെ ആദ്യപടി ലളിതമാക്കും. മാലിന്യം പണമായി മാറുമ്പോൾ വീട്ടമ്മമാർക്ക് ഒരു കൈത്താങ്ങ് !
ഗവൺമെന്റ് ഈ ബയോ-വേസ്റ്റ് ശേഖരിക്കുന്നതിലൂടെ ബയോഗ്യാസ് ഉൽപാദിപ്പിക്കാനുള്ള സാധ്യത വളരെ വലുതാണ്. ഒരു ഗ്യാസ് സിലിണ്ടറിന് കുറഞ്ഞത് ആയിരം രൂപയെങ്കിലും വിലയുള്ള ഈ കാലഘട്ടത്തിൽ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കുന്നത് പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥക്കും ഒരുപോലെ ഗുണകരമാണ്.
ഇവിടെയാണ് എന്റെ നിർദ്ദേശത്തിന്റെ കാതൽ: മാലിന്യം നൽകുന്ന വീട്ടമ്മയ്ക്ക് പ്രതിഫലം നൽകുക. നമ്മുടെ നാട്ടിലെ കുടുംബിനികൾ, മാലിന്യം വൃത്തിയായി തരം തിരിച്ച് നൽകുന്ന അവരുടെ നല്ല പ്രവൃത്തിക്ക് ഒരു പ്രചോദനവും അംഗീകാരവും അർഹിക്കുന്നു.
നിലവിൽ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുമ്പോൾ ചെറിയൊരു തുക ഈടാക്കുന്നതിന് പകരം, ഓരോ വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കുമ്പോൾ 50 രൂപ വീതം ഗവൺമെന്റ് അവർക്ക് നൽകണം.
ഒരു ഗ്യാസ് വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ, റോ മെറ്റീരിയൽ നൽകുന്ന വീട്ടുടമസ്ഥയ്ക്ക് നൽകേണ്ടി വരുന്ന ഈ തുക, അതിന്റെ നൂറിൽ പകുതിക്ക് പകുതി പോലും വരില്ല. വീട്ടിലെ പഴയ ഇരുമ്പു സാധനങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന ചെറിയ തുക പോലും സ്ത്രീകൾക്ക് ഒരു ആശ്വാസമാണ്. അതുപോലെ, അടുക്കളയ്ക്കപ്പുറം മറ്റൊരു വരുമാന മാർഗ്ഗമില്ലാത്ത സാധാരണക്കാരായ വീട്ടമ്മമാർക്ക് ഈ 50 രൂപ ഒരു ചെറിയ വരുമാനവും വലിയ ആശ്വാസവുമാണ്.
നഗരത്തിലെ ഓരോ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഇത്തരം ബയോ-വേസ്റ്റുകൾ വിലകൊടുത്ത് വാങ്ങുമ്പോൾ, ജനങ്ങൾ സ്വയം മാലിന്യം തരംതിരിക്കാൻ നിർബന്ധിതരാകും. മാലിന്യം ഒരു സാമ്പത്തിക മൂല്യമുള്ള ഉൽപ്പന്നമായി മാറും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ, നഗരത്തിന്റെ സ്വന്തം കാടുകളിൽ തിങ്ങി നിറയുന്ന മാലിന്യക്കൂമ്പാരങ്ങളും, വൃത്തികെട്ട ഗന്ധവും ഇല്ലാതാകും. മാലിന്യം കുറയുന്നതോടെ നാട് സുന്ദരമാവുക മാത്രമല്ല, അത് ആരോഗ്യത്തിനും ക്ഷേമത്തിനും വലിയൊരു മുതൽക്കൂട്ടാകും.
മാലിന്യ സംസ്കരണത്തെ വെറുമൊരു സർക്കാർ ജോലിയായി കാണാതെ, പൗരന്റെ സാമ്പത്തിക പങ്കാളിത്തവും സർക്കാരിന്റെ അംഗീകാരവും സമന്വയിപ്പിച്ച ഒരു പ്രസ്ഥാനമായി മാറ്റിയാൽ, നമ്മുടെ നഗരം ഒരു പരിധി എന്നല്ല, പൂർണ്ണമായും സ്വർഗ്ഗമായി മാറും.
മാലിന്യം ഒരു ഭാരമല്ല, പുതിയൊരു വരുമാന സ്രോതസ്സായും ശുചിത്വമുള്ള നാളെയുടെ വാഗ്ദാനമായും നമുക്ക് കാണാൻ സാധിക്കണം.
© ഷെറീന കെ.ആർ പട്ടാമ്പി
(ലേഖിക ഗ്രന്ഥകാരിയാണ്. ബി.എ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ വിദ്യാർത്ഥിയാണ്. സ്ത്രീ ശാക്തീകരണത്തെ അടിസ്ഥാനമാക്കി 'സ്വപ്ന സഞ്ചാരിണി', 'നീതിക്ക് പറയാനുള്ളത്' എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് ജിഷാദ് സി.എ ഫോട്ടോഗ്രാഫറും പത്രപ്രവർത്തകനുമാണ്.
~~~~~~~~~
പ്രതിദ്ധ്വനി എന്ന പംക്തിയിലേക്ക് കാലിക പ്രസക്തിയുള്ള കുറിപ്പുകൾ നിങ്ങൾക്കും അയക്കാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് ഫോട്ടോ ബയോഡാറ്റ ഫോൺ നമ്പർ സഹിതം 9447531641 എന്ന വാട്സാപ്പ് നമ്പറിൽ അയക്കുക! എന്ന് എഡിറ്റർ.
~~~~~~~~~

🏆🏆🏆
മറുപടിഇല്ലാതാക്കൂ❤️
മറുപടിഇല്ലാതാക്കൂ