രാഷ്ട്രീയ എതിരാളികളെ നേരിടാൻ സി.പി.എമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്നവരായി പോലീസ് മാറിയെന്ന് കെ.പി.സി.സി അംഗം റിയാസ് മുക്കോളി ആക്ഷേപിച്ചു.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ സുജിത്തിന് നേരെ നടന്ന കസ്റ്റഡി മർദ്ദനത്തിന് ചുക്കാൻ പിടിക്കുകയും, വടക്കാഞ്ചേരിയിൽ കെ.എസ്.യു നേതാക്കളെ മുഖം മൂടി അണിയിച്ച്, കയ്യാമം വെച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിലും ആരോപണ വിധേയനായ വടക്കാഞ്ചേരി സി.ഐ ഷാജഹാനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഷാജഹാൻ്റെ പട്ടാമ്പി വള്ളൂരിലെ വീട്ടിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലക്കേസ് പ്രതികൾക്കും അക്രമികൾക്കും പാദസേവ ചെയ്യുന്ന പോലീസ് രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ നിരപരാധികളെ കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജയശങ്കർ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.കെ ഫാറൂഖ്, ജില്ലാ പ്രസിഡണ്ട് കെ.എസ് അജയഘോഷ് നേതാക്കളായ കമ്മുക്കുട്ടി എടത്തോൾ, പി.കെ ഉണ്ണികൃഷ്ണൻ, കെ.ആർ നാരായണസ്വാമി, സി. സംഗീത, ജിതേഷ് മോഴിക്കുന്നം, എ.പി രാമദാസ്, ടി.കെ ഷുക്കൂർ, ഉമ്മർ കിഴായൂർ, എ.സജീവ് കുമാർ, എ.കെ മുസ്തഫ പി.എച്ച് ഹമീദ്, പി.മുഹമ്മദ് ഷാഹിദ്, പി.കെ അനസ്, മുനവ്വിർ ചുണ്ടമ്പറ്റ, ജമാൽ തുടങ്ങിയവർ സംസാരിച്ചു.
