പൊതു പ്രവർത്തന രംഗത്ത് ഏഴു പതിറ്റാണ്ട് പൂർത്തിയാക്കിയ ശതാഭിഷിക്തനായ തൃത്താല മണ്ഡലത്തിലെ കോൺഗ്രസ് നേതാവിന് ചാലിശ്ശേരി പൗരാവലിയും, കോൺഗ്രസ് പ്രവർത്തകരും ചേർന്ന് സ്വീകരണവും ആദരവും നൽകി.
ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കടവാരത്ത് ഷോപ്പിങ് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്നേഹ ഗംഗാദരം എന്ന പരിപാടി കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും തൻ്റേത് കൂടിയാണെന്ന് മനസ്സിലാക്കി സാധാരണക്കാരോടൊപ്പം നിന്ന് പ്രവർത്തിച്ച പി.സി.ഗംഗാധരൻ പുതിയ തലമുറക്ക് ആവേശമാണെന്ന് വി.ടി.ബൽറാം പറഞ്ഞു.
ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.വി ഉമ്മർ മൗലവി അധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിലുള്ള പ്രമുഖർ പി.സി.ഗംഗാധരനെ ഷാളണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.
സി.പി.എം എൽസി സെക്രട്ടറി കെ.ആർ വിജയമ്മ, ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ.സി കുഞ്ഞൻ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻ്റ് എസ്.എം.കെ തങ്ങൾ, സി.പി.ഐ സെക്രട്ടറി സൈദ് മുഹമ്മദ്, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജീഷ് കുട്ടൻ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ, മറ്റു നേതാക്കളായ ടി.കെ സുനിൽകുമാർ, ഹുസൈൻ പുളിയഞ്ഞാലിൽ, അസീസ് ആനക്കര, പി.ഇ.എ സലാം, പി.വി മുഹമ്മദാലി, വി.വി ബാലകൃഷ്ണൻ, മോഹനൻ പൊന്നുള്ളി, സേതു മംഗലത്ത്, എ.എം അബ്ദുള്ളക്കുട്ടി, പി.മാധവദാസ്, കെ.ബാബു നാസർ, ജോസഫ് ചാലിശ്ശേരി എന്നിവർ സംസാരിച്ചു.
