ഭർത്താവിനെ ടൈൽസ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ!

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുരുങ്ങിയ ഭാര്യയെ കൊലപാതക കേസിൽ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. 

പുൽപ്പള്ളി കാര്യമ്പാതി വീട്ടിൽ ചന്ദ്രൻ (56)  കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ ഭവാനി (54)യെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. വീണു പരിക്കേറ്റു എന്ന നിലയിൽ ഭർത്താവിനെ ഭവാനി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശൗചാലയത്തിൽ പോകുന്നതിനായി കട്ടിലിൽ നിന്ന് എഴുന്നേറ്റപ്പോൾ നിലത്തു വീണെന്നു പറഞ്ഞാണ് ഭവാനി ഞായറാഴ്ച പുലർച്ചെ അയൽവാസികളെയും ബന്ധുക്കളെയും കൂട്ടി ചന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. 

ആശുപത്രിയിലെത്തുന്ന സമയത്ത് തന്നെ ചന്ദ്രൻ മരിച്ചിരുന്നു. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിട്ടു. അപ്പോഴാണ് തലയിലുണ്ടായ മുറിവിനെക്കുറിച്ച് ഡോക്ടർ സംശയം പ്രകടിപ്പിച്ചത്.

ഡോക്ടറെ തെറ്റിദ്ധരിപ്പിക്കാൻ ഭവാനി ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ മരണ കാരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഭവാനി കുറ്റം സമ്മതിക്കുകയായിരുന്നു.

മദ്യപാനിയായ ചന്ദ്രൻ വീട്ടിൽ  സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണെന്നും സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും  ഭവാനി പോലീസിന് മൊഴി നൽകി. സംഭവ ദിവസം ഇരുവരും തമ്മിലുള്ള വഴക്കിനിടെ ടൈൽസിന്റെ കഷ്ണമുപയോഗിച്ച് ചന്ദ്രന്റെ തലയ്ക്ക് ഭവാനി അടിക്കുകയായിരുന്നുവെന്ന്  ചോദ്യം ചെയ്യലിൽ ഭവാനി സമ്മതിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം