പുള്ളുവൻ സമുദായവും സർപ്പാരാധനയും എന്ന വിഷയത്തിൽ സെമിനാറും അവതരണവും നടന്നു. നിളയുടെ നാട്ടുവഴികൾ സംഭാഷണ പരമ്പരയുടെ ഭാഗമായി വാവനൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത പുള്ളുവൻ കലാകാരൻ പള്ളിപ്പുറം സ്വദേശി പി.പി ശ്രീനിവാസൻ, പുള്ളുവൻ സമുദായത്തിന്റെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും വിവരിച്ചു.
സംഭാഷണ പരമ്പര പുള്ളുവൻ പാട്ടോടുകൂടി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മഹാദേവൻ ദർഭപുല്ലിൽ നിന്നും സർപ്പാരാധനക്കായി പുള്ളുവരെ സൃഷ്ടിച്ചു എന്നും, കേരളത്തിൽ പലയിടത്തും പുള്ളുവ സമുദായം ഉണ്ടെന്നും, എന്നാൽ കൂടുതൽ കാണപ്പെടുന്നത് നിളയുടെ തീരത്താണെന്നും ശ്രീനിവാസൻ വിവരിച്ചു. 14 വയസ്സിൽ ആരംഭം കുറിച്ച ശ്രീനിവാസൻ, കേരളത്തിൽ ഉടനീളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തുടർന്ന് പുള്ളുവ സമുദായത്തിന്റെ കലകളെകുറിച്ച് ഗവേഷണം നടത്തുന്ന പ്രിയങ്ക അരവിന്ദ് പുള്ളുവ കലകളുടെ ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ചു. കേരളത്തിലെയും, മറ്റുസ്ഥലങ്ങളിലെ സർപ്പാരാധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ അവതരിപ്പിച്ചു.
ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറിയും, ആറങ്ങോട്ടുകര വയലി ഡയറക്ടറുമായ വിനോദ് എം.നമ്പ്യാർ പദ്ധതി വിശദീകരണം നടത്തി. പ്രശസ്ത സാഹിത്യകാരനും, ചരിത്രാന്വേഷിയുമായ രാജഗോപാലൻ പള്ളിപ്പുറം ആമുഖ പ്രഭാഷണവും, ചർച്ചയുടെ മോഡറേറ്ററായും സംസാരിച്ചു.
ഡോ.ശ്രീപാർവ്വതി സ്വാഗതവും, ഡോ.ഓം പ്രകാശ് നന്ദിയും പ്രകാശിപ്പിച്ചു. കോയമ്പത്തൂർ AVCRI പ്രതിനിധികൾ ചർച്ചയിലും, ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. മുൻ ചർച്ചകൾ വീഡിയോ രൂപത്തിൽ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് ടീം അംഗങ്ങൾ.
അഷ്ടാംഗം ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന പത്മശ്രീ കൃഷ്ണകുമാർ സെന്റർ AVCRI കോയമ്പത്തൂർ, ആറങ്ങോട്ടുകര വയലി, ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്നിവരുടെ സഹകരണത്തോടെ എല്ലാമാസവും നാലാമത്തെ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ അഷ്ടാംഗം ആയുർവ്വേദ കോളേജിലാണ് 'നിളയുടെ നാട്ടു വഴികൾ ' എന്ന പേരിൽ നിളാതട സംസ്കൃതിയുടെ വേരുകൾ തേടുന്ന ഒരന്വേഷണ പരമ്പര നടക്കുന്നത്. അടുത്ത ചർച്ച "നിളയുടെ ഗണിത പാരമ്പര്യം" എന്ന വിഷയത്തിൽ ഒക്ടോബർ 25ന് ചർച്ച നടക്കും.
