രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തമിഴ്നാട് സ്വദേശി സി.പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ജഗ്‌ദീപ്‌ധൻകർ പദവി രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിൽ (എഫ്-101) ആണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ രഹസ്യ ബാലറ്റ് അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടന്നത്.
767ൽ 452 വോട്ടുകൾ എൻ.ഡി.എ സ്ഥാനാർഥിക്ക് ലഭിച്ചപ്പോൾ, പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് (റിട്ട.) ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. പ്രതിപക്ഷ വോട്ടുകൾ എൻ.ഡി.എയ്ക്ക് അനുകൂലമായി ചോർന്നിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു.
മഹാരാഷ്ട്ര ഗവർണറായ രാധാകൃഷ്‌ണൻ (67) നേരത്തെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡണ്ടും ലോക്സഭാംഗവും ആയി പ്രവർത്തിച്ചിരുന്നു. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിൽ എത്തിയത്.
ആർ.എസ്.എസിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണൻ ഒരു വർഷം ജാർഖണ്ഡിന്റെ ഗവർണറായും പിന്നീട് കുറഞ്ഞ ദിവസം തെലങ്കാന ഗവർണറും പുതുച്ചേരിയുടെ ലഫ്റ്റനൻ്റ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
1957 മേയ് 4ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച സി.പി. രാധാകൃഷ്ണൻ, 16-ാം വയസ്സിൽ ആർ.എസ്.എസിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1974ൽ ഭാരതീയ ജനസംഘത്തിൻ്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി. കേരളത്തിൻ്റെ ചുമതലയുള്ള പ്രഭാരിയായും പ്രവർത്തിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ഉപരാഷ്ട്രപതി പദവിയിലെത്തിയത്.
