പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിക്കും പാലക്കാട് നെന്മാറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഓങ്ങല്ലൂർ സ്വദേശിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നെന്മാറ സ്വദേശിയായ മറ്റൊരാൾ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പ്രാഥമിക പരിശോധനാ ഫലത്തിൽ രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
സംസ്ഥാനത്ത് അമീബിക്ക് മസ്‌തിഷ്‌ക്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജില്ലയിൽ 2 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
പനി, തലവേദന, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവ് വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
അപസ്‌മാരം, ബോധക്ഷയം, പരസ്‌പര ബന്ധം ഇല്ലാതെ സംസാരിക്കുക എന്നിവ ഗുരുതര ലക്ഷണങ്ങളാണ്.
പ്രാരംഭത്തിൽ തന്നെ വിദഗ്‌ധ ചികിത്സ നേടുകയും കുളത്തിലോ മറ്റു ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിച്ചിട്ടുണ്ടെങ്കിൽ, അക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നതും മുങ്ങുന്നതും ഒഴിവാക്കുക, നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക, ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിൽ മുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക, ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി/അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ കഴുകി വൃത്തിയാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
