മാന്ത്രികൻ സുരേഷ് പട്ടാമ്പിയുടെ മാജിക് ഫ്യൂഷൻ കൂടുതൽ വേദികളിൽ ശ്രദ്ധ നേടുന്നു.

പട്ടാമ്പി കിഴായൂർ വെള്ളിലപ്പെട്ടിയിൽ നിന്ന് ആരംഭിച്ച മാജിക് ഫ്യൂഷൻ അവതരണം ചാത്തനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ പത്തിലേറെ വേദികളിൽ ഇതിനകം ആസ്വാദക മനം കവർന്നു കഴിഞ്ഞു. കൂടുതൽ വേദികളിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുന്നുണ്ടെന്ന് മാന്ത്രികൻ സുരേഷ് പട്ടാമ്പി പറഞ്ഞു.

ചൈനയിൽ പരമ്പരാഗത ദൈവീക കലയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന മാന്ത്രിക സംഗീത നൃത്തത്തിന്റെ പരിച്ഛേദമാണ് സുരേഷിൻ്റെ മാജിക് ഫ്യൂഷൻ. കഴിഞ്ഞ മാർച്ച് മാസത്തിൽ കിഴായൂർ വെള്ളിലപ്പെട്ടി വിഷ്ണു‌ ക്ഷേത്രത്തിലാണ് 'അമേസിംഗ് ഫേസ് മാജിക് ഫ്യൂഷൻ' ആദ്യമായി അരങ്ങുണർത്തിയത്. ഇതിനകം പത്തോളം വേദികളിൽ മാജിക് ഫ്യൂഷൻ അരങ്ങുണർത്തി.

ജാപ്പനീസ് ഒപ്പേര എന്ന നിലയിലാണ് ഈ മാന്ത്രിക കല ഉത്ഭവിച്ചതെങ്കിലും, പിന്നീട് ചൈനയിൽ ബിയാൻ ലിയാൻ എന്ന പേരിൽ പ്രചാരം നേടി. ഫേസ് ചേഞ്ചിംഗ് എന്നറിയപ്പെടുന്ന ബിയാൻ ലിയാൻ, സിചുവാൻ പ്രവിശ്യയിൽ ഉത്ഭവിച്ച ഒരു പരമ്പരാഗത ചൈനീസ് കലാരൂപമായാണ് അറിയപ്പെടുന്നത്. സംഗീതം, നൃത്തം, മാജിക് എന്നിവ സംയോജിപ്പിക്കുന്ന അതുല്യവും ആകർഷകവുമായ പ്രകടനമാണിത്. 

ചൈനീസ് സംസ്‌കാരത്തിൽ ഇപ്പോഴും ആദരിക്കപ്പെടുന്ന ഒരു കലാരൂപമാണ് ബിയാൻ ലിയാൻ. കൂടാതെ പരമ്പരാഗത ഉത്സവങ്ങളിലും ആഘോഷങ്ങളിലും അവതരിപ്പിക്കപ്പെടാറുണ്ട്. ചൈനീസ് കലയുടെയും സംസ്‌കാരത്തിൻ്റെയും യഥാർഥ ആവിഷ്കാരം ലോകമെമ്പാടുമുള്ള പ്രേക്ഷ കരെ ഇപ്പോഴും ആകർഷിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യയിൽ ഇത് വ്യാപകമായിട്ടില്ല. ഈ മാന്ത്രിക കലയിൽ ആകൃഷ്ടനായ സുരേഷ് പട്ടാമ്പി ഈ കലാരൂപം കേരളീയ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ ഏറെ നാളായി ശ്രമിക്കുകയായിരുന്നു. കേരളീയർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ നാടൻ കലാരൂപങ്ങളുടെ ചുവടും സംഗീതവും കോർത്തിണക്കിയാണ് ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെ ഇത് അരങ്ങിലെത്തിച്ചത്. പത്ത് നിമിഷം നീണ്ടുനിൽക്കുന്ന അവതരണത്തിനിടയിൽ അതിവേഗം മാറുന്ന പന്ത്രണ്ട് മുഖ മാസ്കുകളിലാണ് ഫ്യൂഷൻ വിസ്മയിപ്പിക്കുന്നത്. ഏറ്റവും ഒടുവിലാണ് മാന്ത്രികൻ സ്വന്തം മുഖം കാണിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി ഒരു പ്രാദേശിക ഭാഷയിൽ അവതരിപ്പിക്കപ്പെടുന്ന ഈ മാജിക് ഫ്യൂഷന്റെ കൊറിയോഗ്രാഫി നിർവഹിച്ചത് അനഘ ഉണ്ണി കൃഷ്‌ണൻ വളാഞ്ചേരിയാണ്. പ്രശസ്ത ഇല്യൂഷനിസ്റ്റ് പ്രഭാക് മല്ലികയാണ് സുരേഷിന് പ്രചോദനം നൽകിയത്. ഗുരുദക്ഷിണ എന്ന നിലയിൽ അദ്ദേഹത്തിനാണ് ഈ ഫ്യൂഷൻ സമർപ്പിക്കുന്നത്.

കൃഷ്‌ണദാസ് പട്ടാമ്പിയുടെ നേതൃത്വത്തിൽ സാൾട്ട് ആൻഡ് മാങ്കോ മ്യൂസിക് ഫ്യൂഷൻ ബാൻഡാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.  പുലാമന്തോൾ ഷുജൂസ് ഓഡിയോ ഇന്നിലാണ് റിക്കാർഡിംഗ്. കൃഷ്‌ണദാസ് പട്ടാമ്പി, പി.എം ഹരീഷ്, ബാലമുരളി, ഷൈജു, ജാഫർ എന്നിവരാണ് ശബ്ദം നൽകിയത്. സുരേഷിൻ്റെ ബാല്യകാല സുഹൃത്തായ കിഴായൂർ നന്ദനൻ സഹായിയായി കൂടെയുണ്ട്.


വീഡിയോ റിപ്പോർട്ട്...

https://youtube.com/shorts/q8auBr-JXOc?si=U_wxTBM4VMQC5kLu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം