പാലക്കാട് മാങ്കുറുശ്ശിയില്‍ വയോധികരെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം വയോധികൻ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്.
മാങ്കുറുശ്ശി പങ്കജ നിവാസിൽ പങ്കജം (85), പങ്കാളി രാജൻ (80) എന്നിവരെയാണ് ദുരൂഹമായ നിലയില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. പങ്കജത്തിൻ്റെ ജഡം കിടപ്പുമുറിയിലാണ് കാണപ്പെട്ടത്. വീടിൻ്റെ മുകളിലെ മുറിയിലാണ് രാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പങ്കജത്തിൻ്റെ മരണപ്പെട്ട ഭർത്താവ് വാസുവിൻ്റെ അനുജനാണ് രാജൻ. കഴിഞ്ഞ 20 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. തമിഴ് നാട്ടിലേക്ക് ടൂർ പോയ മകന്‍ ഇവരെ വിളിച്ചപ്പോൾ പങ്കജം ഫോൺ എടുത്തില്ല. തുടര്‍ന്ന് മകൻ അയല്‍ വാസിയെ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
വീടിൻ്റെ മുൻ വാതിലുകൾ അടച്ചിരുന്നതായും സി.സി.ടി.വി ഓഫാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പങ്കജത്തെ കൊലപ്പെടുത്തി രാജന്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. പങ്കജത്തെ തലയണ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജന്‍ തൂങ്ങിമരിക്കുകയായിരുന്നു. പങ്കജത്തിൻ്റെ സമ്മതത്തോടെയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
വിട്ടുമാറാത്ത അസുഖങ്ങളിലുളള മനോവിഷമമാണ് ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് രാജനെയും പങ്കജത്തേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
