ഓർമ്മകളിൽ നിന്നും മറഞ്ഞുപോയ വാർത്തകൾക്ക് പത്രപ്രദർശനത്തിലൂടെ പുനർജ്ജനി.

നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും മീഡിയ ക്ലബ്ബും സംയുക്തമായി പത്രവിസ്മയം എന്ന പേരിൽ സംഘടിപ്പിച്ച പത്രപ്രദർശനം ശ്രദ്ധേയമായി. വർഷങ്ങൾക്കു മുമ്പുള്ള പത്രങ്ങളുടെ ഒന്നാം പേജ് വാർത്തകളാണ് പ്രദർശനത്തിൽ ഇടം പിടിച്ചത്.

വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ജേണലിസം അധ്യാപകൻ എം.പ്രദീപിന്റെ അപൂർവ്വ ശേഖരത്തിൽ ഉള്ളതാണ് ഈ പത്രങ്ങൾ. മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെ ഇരുനൂറോളം പത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.

നെൽസൺ മണ്ടേല, ബേസീർ ഭൂട്ടോ, മുൻ പ്രധാനമന്ത്രിമാരായിരുന്നമൊറാർജി ദേശായി, പി.വി നരസിംഹറാവു, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം, മദർ തെരേസ,  മുൻ മുഖ്യമന്ത്രിമാരായ  ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ.കെ നായനാർ, കെ.കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവരുടെ മരണ വാർത്തകളും, ലോകത്തെ പിടിച്ചു കുലുക്കിയ പല സംഭവങ്ങളുടെയും പ്രകൃതി ദുരന്തം ഉൾപ്പെടെയുള്ള പ്രധാന വാർത്തകളുടെയും കവറേജ് അടങ്ങിയ പത്രങ്ങളും അപൂർവ കാഴ്ചയായി.

പ്രിൻസിപ്പൽ എസ്.ജൂസ് ലൂയിസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. ശ്രീകാന്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.പ്രദീപ്, ടി.ഭാസ്കരൻ, മീഡിയ ക്ലബ് കോ- ഓഡിനേറ്റർ ബൈജു കോട്ടയിൽ, എൻ.എസ്.എസ് വളണ്ടിയർ ലീഡർമാരായ മുഹമ്മദ് മുഹ്സിൻ, ശ്രേയ സുരേഷ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രദർശനം വിജ്ഞാനപ്രദമായ അനുഭവമായി മാറിയെന്ന്  ഏവരും പ്രതികരിച്ചു.

വീഡിയോ കാണാം...

https://youtu.be/wIyb6tlQyFw?si=cnqTMGtLAvPcsNiC


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം