ഇന്ന് പകൽ നാല് മണിയോടെയാണ് ദോഹയിൽ ഇസ്രായേൽ ആക്രമണം നടന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ദോഹയിൽ എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ലഗ്തൈഫിയ ജനവാസ മേഖലയിലാണ് തുടർച്ചയായി വൻ ശബ്ദത്തിൽ സ്ഫോടനമുണ്ടായത്. പ്രദേശത്ത് വലിയ തോതിൽ പുക ഉയർന്നു.
ഖലീൽ അൽഹയ്യ, ഖാലിദ് മിശ്അൽ, സഹർ ജബരിൻ, നിസാർ അവദല്ല എന്നി ഹമാസ് നേതാക്കളാണ് ആക്രമിക്കപ്പെട്ട കെട്ടിടത്തിലുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. ഇവർ സുരക്ഷിതരാണെന്ന് ഹമാസ് വക്താവിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ഹമാസ് തലവനായ ഖലീൽ അൽഹയ്യയുടെ മകൻ ഹമീം അൽഹയ്യ, ഓഫിസ് ഡയറക്ടർ ജിഹാദ് ലബാദ് എന്നിവർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദോഹ- ഖത്തറിൽ 8.4 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. അതുകൊണ്ടുതന്നെ മിഡിൽ ഈസ്റ്റിലെ ഓരോ സംഭവവും മലയാളികളെ ബാധിക്കുന്നതാണ്.
