മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്ക‌ാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്ക‌ാരം. ചൊവ്വാഴ്‌ച നടക്കുന്ന 71-ാ മത് ദേശീയ ചലച്ചിത്ര വേദിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം മലയാളത്തിൽ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലാൽ.  2023 ലെ പുരസ്‌കാരമാണിത്. മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. 

പത്മശ്രീ, പത്മവിഭൂഷൻ, മികച്ച നടനുള്ള ദേശീയ പുരസ്ക‌ാരങ്ങൾ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, ലഫ്റ്റനൻ്റ് കേണൽ പദവി, ഫിലിം ഫെയർ പുരസ്‌കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയ മോഹൻലാലിനെ  പരമോന്നത ബഹുമതിയായ ദാദാ സാഹേബ് പുരസ്‌കാരം കൂടി തേടിയെത്തിയിരിക്കുന്നു. ഇത് മലയാള സിനിമയ്ക്ക് ലഭിച്ച ബഹുമതിയാണെന്ന് മോഹൻലാൽ പ്രതികരിച്ചു.

അഭിനയ മുഹൂർത്തങ്ങളുടെയും വികാര പ്രകടനങ്ങളുടെയും മഹാപ്രവാഹമാണ് മോഹൻലാൽ എന്ന നടന വിസ്മയം. കിരീടത്തിലെ സേതുമാധവൻ അന്നും ഇന്നും മലയാളികളുടെ നൊമ്പരമാണ്.  ബിരുദ പഠനം കഴിഞ്ഞിട്ടും തൊഴിൽ രഹിതനായ നാടോടിക്കാറ്റിലെ ദാസനും കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ വഴുതി വീണ ടി.പി ബാലഗോപാലനും നിഷ്‌കളങ്കനായതിൻ്റെ പേരിൽ വൈതരണികളിൽ കുടുങ്ങിയ വെള്ളാനകളുടെ നാട്ടിലെ കോൺട്രാക്ടറും  ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ്.

സദയത്തിലെ സത്യനാഥനേയും രാജാവിൻ്റെ മകനിലെ വിൻസെൻ്റ് ഗോമസിനെയും അത്ര പെട്ടെന്ന് ആരും മറക്കില്ല. കഥകളി നടൻ്റെ മനോ വിചാരങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച വാനപ്രസ്ഥവും ശിഥില ബാല്യത്തിന്റെ ഇരയായ തോമസ് ചാക്കോ എന്ന ആടുതോമയും സ്ഫ‌ടികതുല്യ കഥാപാത്രങ്ങളാണ്. 

അൽഷിമേഴ്‌സ് എന്ന രോഗാവസ്ഥയുടെ ഭീകരത വെളിവാക്കിയ തന്മാത്രയിലെ രമേശനെയും ആർക്കും മറക്കാനാവില്ല. മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്ന് ഹൃദയപൂർവ്വത്തിൽ എത്തി നിൽക്കുന്ന 48 വർഷത്തെ അഭിനയ കാലത്തിലൂടെയാണ് മലയാള സിനിമ കടന്നുപോയത്.  ഊതിക്കാച്ചിയ പൊന്നുപോലെ ഓരോ സിനിമ കഴിയും തോറും മിന്നി തിളങ്ങുന്ന പ്രതിഭയാണ് ലാൽ. 

ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നാവർത്തിക്കാതെ വേറിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ മാത്രമല്ല സിനിമയുടെ എല്ലാ മേഖലകളിലും ലാലിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.  മലയാള സിനിമയിൽ ഇന്നും കിരീടം ചൂടിയ രാജാവിന്റെ മകനായി ലാൽ തുടരുകയാണ്. സാധാരണ നിലയിൽ വിരമിച്ച ശേഷം നൽകാറുള്ള പരമോന്നത പദവി ഇപ്പോഴും സജീവമായി നിൽക്കുന്ന ലാലിന് ലഭിച്ചത് മറ്റൊരു പൊൻ കിരീടമാണ്.

ലാലിന് ‘സ്വലേ ന്യൂസ്’ ഹൃദയപൂർവം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം