പട്ടാമ്പി റെയിൽവേ സ്‌റ്റേഷൻ ജങ്ങ്ഷനിലുള്ള ആരാധന ജ്വല്ലറി കുത്തിത്തുറന്ന് 12 പവനോളം സ്വർണാഭരണങ്ങളും, അമ്പതിനായിരം രൂപയും കവർന്ന പ്രതികളെ പട്ടാമ്പി പോലീസ് പിടികൂടി.
മോഷണത്തിന് ശേഷം മുതലുമായി കടന്നുകളഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് കൊട്ടമല സ്വദേശി ബിനുവിനെ നെടുമങ്ങാട് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെ സഹായിയായ ചങ്ങരംകുളം നന്നംമുക്ക് ചെമ്പത്ത് റഫീഖ് എന്ന മുരളി (43) യേയും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിവിദഗ്ദമായ നീക്കത്തിലൂടെ മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ കുരുക്കിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് നഗര ഹൃദയത്തെ ഞെട്ടിച്ചു കൊണ്ട് പട്ടാമ്പി ടൗണിലെ ആരാധന ജ്വല്ലറി കുത്തിത്തുറന്ന് പ്രതികൾ സ്വർണ്ണം കവർന്നത്. ടൗണിൻ്റെ ഹൃദയഭാഗത്ത് നടന്ന സംഭവം വ്യാപാരികൾക്കിടയിലും പ്രദേശവാസികൾക്കിടയിലും ഭീതി പരത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്വാഡും, സയൻ്റിഫിക് ടീമും അന്ന് തന്നെ സ്ഥലത്ത് എത്തിയിരുന്നു.
ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പട്ടാമ്പിയിൽ പോലീസ് അന്വേഷണം ദുഷ്കരം ആയിരുന്നു. എന്നാൽ പട്ടാമ്പി പോലീസ് സ്‌ക്വാഡുകൾ തിരിച്ച് പഴുതടച്ച അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രദേശവാസികളായ ഇതര സംസ്ഥാനക്കാരേയും മുൻകുറ്റവാളികളേയും ചോദ്യം ചെയ്യുകയും ഒപ്പം CCTV വിഷ്വലുകളും മറ്റും പോലീസ് നിരീക്ഷിക്കുകയും ചെയ്തതോടെയാണ് തുമ്പ് ലഭിച്ചത്. ചെറിയ ചെറിയ സൂചനകൾ വച്ച് പോലീസ് പ്രതികളിലേക്ക് എത്തുകയുമായിരുന്നു.
പ്രതികൾ മുതലുകൾ പല സ്ഥലങ്ങളിൽ വിൽക്കുകയും പണയപ്പെടുത്തിയും ചെയ്തതായി മൊഴി നൽകിയിട്ടുണ്ട്. തൊണ്ടിമുതൽ തിരിച്ചു പിടിക്കുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്. പട്ടാമ്പി നഗരത്തിൽ വർഷങ്ങളായി കഴിയുന്നവരാണ് പ്രതികൾ. ഇവർക്ക് നേരത്തെ കേസുകൾ ഉള്ളതായി പോലിസ് അറിയിച്ചു. സ്ഥിരമായി റെയിൽവെ പരിസരത്തും ഫുട്പാത്തിലും താമസിച്ച് ജ്വല്ലറി നിരീക്ഷിച്ച് കവർച്ച നടത്തിയ സംഘത്തെ പോലീസിൻ്റെ കൃത്യമായ ഇടപെടൽ വഴിയാണ് പിടികൂടിയത്. പോലീസ് തങ്ങളെ പിൻതുടരുമെന്ന ആശങ്കയിൽ മുടിയെല്ലാം വെട്ടി തല മൊട്ടയടിച്ച് സ്വന്തം നാട്ടിലേക്ക് സ്ഥലം വിട്ട ഒന്നാം പ്രതിയായ ബിനുവിനെ നെടുമങ്ങാട് എത്തിയാണ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്.
ക്രൈം നമ്പർ 1163/2025 ആയി കേസ് രജിസ്റ്റർ ചെയ്ത് പട്ടാമ്പി പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം, ഷൊർണ്ണൂർ Dysp ആർ. മനോജ്കുമാർ, പട്ടാമ്പി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.അൻഷാദ്, എസ്.ഐ ഉദയകുമാർ, എ.എസ്.ഐമാരായ റഷീദ്, ജയകുമാർ, ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ ASl അബ്‌ദുൾ റഷീദ്, പി.ബിജു, മിജേഷ്, റിയാസ്, പി.സജിത്ത്, ഷൻഫീർ, കമൽ, സജിത്ത്, നൗഷാദ്ഖാൻ, സന്ദീപ്, മുരുകൻ, പ്രശാന്ത് എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ അറിയിച്ചു.
വീഡിയോ റിപ്പോർട്ട്:
https://youtu.be/WH7ZvMjqBtE?si=xf32PuythkRFdEOd
