നാളികേരത്തിൻ്റെ നാട്ടിൽ നാല് കാലോലപ്പുര ഉണ്ടായിരുന്ന ഒരു കാലത്തിൻ്റെ ഓർമ്മകൾ ഉണർത്തി കുട്ടികൾ ഓല മെടഞ്ഞത് കൗതുകം പകർന്നു.
ചാലിശ്ശേരിയിയിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഗതകാല സ്മരണകൾ ഉണർത്തി തെങ്ങോല മെടയൽ പരിശീലനത്തിൽ ഏർപ്പെട്ടത്. പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ഈ പരിപാടി വേറിട്ട കാഴ്ചയായി മാറി.
ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഗ്രാമീണ പൈതൃകത്തിൻ്റെ നേർ ചിത്രം കാഴ്ചവച്ചത്. തെങ്ങോല മെടയൽ തൊഴിൽ പരിശീലന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു.
നമ്മുടെ മുൻഗാമികളുടെ എയർ കണ്ടീഷൻ ചെയ്യപ്പെട്ട ഭവനങ്ങളായിരുന്നു ഓലക്കുടിലുകൾ. വാർപ്പ് മാതൃകകൾ വന്നതോടെ ഓല വീടുകൾ ടൂറിസം കേന്ദ്രങ്ങളിൽ ലക്ഷ്വറി മന്ദിരങ്ങളായി മാറി. ദിനേന അയ്യായിരത്തിലേറെ രൂപ വാടക ഈടാക്കി സമ്പന്നർക്ക് സംവരണം ചെയ്യപ്പെട്ടതാണ് ഇന്നത്തെ ഓല വീടുകൾ. സാധാരണക്കാരന് ഇന്ന് ഓല വീടുകൾ അപ്രാപ്യമാണെന്നർത്ഥം.
പാരമ്പര്യ തൊഴിൽ രീതികൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് എൻ.എസ്.എസ് വളണ്ടിയർമാർക്ക് രണ്ട് ദിവസം ഓലമെടയൽ പരിശീലനം നൽകിയത്.
കർഷകനും ചങ്ങാത്തം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡണ്ടുമായ സതീഷാണ് തെങ്ങോലകൾ എത്തിച്ച് നൽകിയത്. ഓലകൾ മെടയുന്നത് ബുദ്ധിമുട്ടാണ് എന്ന് ആദ്യം തോന്നിയെങ്കിലും കുട്ടികൾ സ്വന്തം കൈകളാൽ ഓലമെടയൽ എളുപ്പമാക്കി. മെടഞ്ഞ ഓലകൾ കൊണ്ട് തനതിടം നവീകരണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ ദ്വിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
രണ്ട് വർഷം കൊണ്ട് ഗ്രാമത്തിൻ്റെ കാർഷിക സമ്പത്തായ തെങ്ങ്, കവുങ്ങ് എന്നിവയുടെ അസംസ്കൃത വസ്തുക്കൾ ഉപയോഗപ്പെടുത്തി വിവിധ തൊഴിൽ പരിശീലനമാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അധ്യാപകരായ ജ്യോതി, രാധിക, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി രമ്യ, എൻ.എസ്.എസ് ലീഡർമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
വീഡിയോ റിപ്പോർട്ട് കാണാം...
https://youtu.be/ohne6ph5oLQ?si=ENn5VpCigH8LHy7W
