പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് നാളെ (സെ.22) തുടക്കമാകും. 'നോർക്ക കെയർ' എന്ന പേരിലുള്ള ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനാകും. വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 'നോർക്ക കെയർ' മൊബൈൽ ആപ് പ്രകാശിപ്പിക്കും.
ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് 22 മുതൽ ഒക്ടോബർ 21 വരെയാണ്. പ്രവാസികളുടെ ദീർഘകാല ആവശ്യമാണ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി. നാലാം ലോക കേരള സഭയുടെ സമാപനത്തിൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
നോർക്ക പ്രവാസി ഐ.ഡി കാർഡോ സ്റ്റുഡന്റ്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിലെ എൻ.ആർ.കെ ഐഡി കാർഡുള്ള കേരളീയർക്കും പദ്ധതിയിൽ ചേരാം. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16,000 ആശുപത്രികളിൽ ക്യാഡ്ലെസ് ചികിത്സ ഉറപ്പാക്കും. ഭാവിയിൽ ജി.സി.സി രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പോളിസി എടുത്ത ശേഷം തിരികെ വരുന്ന പ്രവാസികൾക്കും പദ്ധതി തുടരാം. കേരളപ്പിറവിദിനമായ നവംബർ ഒന്നുമുതൽ പദ്ധതിയുടെ പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും.
വിവരങ്ങൾക്കായി ഇന്ത്യയിൽ നിന്ന് 18004253939 എന്ന ടോൾഫ്രീ നമ്പറിലും വിദേശത്തുനിന്ന് +918802 012 345 എന്ന നമ്പറിലും (മിസ്‌ഡ് കോൾ സേവനം) ബന്ധപ്പെടാം.
Vedeo Report... https://youtube.com/shorts/snFDf9341_M?si=81ad_B0gL-KjGdtL
