ചാലിശ്ശേരി പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്ക്. നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. നാല് വർഷം കൊണ്ട് കേരളത്തിലെ പശ്ചാത്തല മേഖലയിൽ വൻ കുതിപ്പാണ് സാധ്യമാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് അതിൽ പ്രധാന പങ്ക് വഹിച്ചു. തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി - പട്ടാമ്പി റോഡ് നവീകരണ പ്രവൃത്തി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് നവീകരണത്തിനായി ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ച മണ്ഡലം തൃത്താലയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. 255 റോഡുകൾക്കായി 330 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തൃത്താല മണ്ഡലത്തിൽ നടക്കുന്നത്. ചാലിശ്ശേരി - പട്ടാമ്പി റോഡ് നവീകരണവും കൂറ്റനാട് ജംഗ്ഷൻ വികസനവും പൂർത്തീകരിക്കുന്നതോടെ തൃത്താലയുടെ മുഖച്ഛായ തന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു.
ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി പാലം വരെയുള്ള 13.7 കിലോമീറ്റർ നീളത്തിലുള്ള റോഡാണ് ബി.എം ആൻ്റ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ്സ് (ആർ.കെ.ഐ)ൽ നിന്നും 63.79 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം. കെ.എസ്.ടി.പിയ്ക്കാണ് (കേരള സ്റ്റേറ്റ് ട്രാൻപോർട്ട് പ്രൊജക്ട് ) നിർവ്വഹണ ചുമതല.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.വി ബാലചന്ദ്രൻ, പി.കെ ജയ, ഷറഫുദ്ദീൻ കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, അനു വിനോദ്, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയർ ഐസക് വർഗീസ്, കുറ്റിപ്പുറം ഡിവിഷൻ അസി.എക്സി. എഞ്ചിനീയർ പി.കെ രബീഷ് കുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ സി റിജോ റിന്ന റിപ്പോർട്ട് അവതരിപ്പിച്ചു.
