കലാകാരന്മാരുടെ സൗഹൃദത്തിൽ പിറന്നത് 12ലേറെ ചെറു സിനിമകൾ!

തിരുമിറ്റക്കോട്, ചെട്ടിപ്പടി, ആറങ്ങോട്ടുകര എന്നീ പ്രദേശങ്ങളിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ ഒന്നിച്ചതോടെ പ്രേക്ഷകർക്ക് ലഭിച്ചത് 12 ലേറെ ചെറു സിനിമകൾ! 

ആദ്യകാലങ്ങളിൽ നടനും മേക്കപ്പ്മാനുമായ സുന്ദരൻ ചെട്ടിപ്പടി, ക്യാമറമാൻ ഉണ്ണിക്കുട്ടൻ പിലക്കാട്, എഡിറ്റർ അനീഷ് കുമാർ ചെട്ടിപ്പടി, എഴുത്തുകാരൻ കെ.കെ പരമേശ്വരൻ, സിനിമ പിന്നണി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ ചെട്ടിപ്പടി എന്നിവർ അടങ്ങിയ സംഘമാണ് ചെറുസിനിമകളുമായി എത്തിയത്. 

സാധാരണ മൊബൈൽ ഫോണിലായിരുന്നു ആദ്യം ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വില കൂടിയ മൊബൈലുപയോഗിച്ചു. ഇപ്പോൾ ക്യാമറയിലാണ് ചിത്രീകരണം.

കൊറോണയെ പ്രതിരോധിക്കാനായി ഈ ടീം നിർമ്മിച്ച പടയൊരുക്കം എന്ന ചെറുഫിലിം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് എന്ന ചെറു ചിത്രവും ഇറങ്ങി. ഇതിന് മുമ്പ് തന്നെ ഈ കൂട്ടുകെട്ട് പോക്കിരി, കുരുക്ക്, മസാല ദോശ, എന്നി ചെറു ഫിലിമുകൾ എടുത്തിരുന്നു. ഇവ ഹാസ്യ പ്രദാനമായതും നിലവിലുള്ള കാര്യങ്ങൾ തന്നെ അവതരിപ്പിക്കുന്നതുമായിരുന്നു.

ഇതിൽ നിന്നും വ്യത്യസ്തമായി പിന്നീട് നടനും നിർമ്മാതാവുമായ ഭവദാസ് എന്ന ബാബുമാരാത്ത് നിർമ്മിച്ച ഇവൾ സുഗന്ധി എന്ന ചെറുഫിലിമിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ച് സുന്ദരൻ ചെട്ടിപ്പടിയും അനീഷ് കുമാർ ചെട്ടിപ്പടിയും ചെറുഫിലിം രംഗത്ത് ശ്രദ്ധേയരായി.

പിന്നീട്, നടനും നിർമ്മാതാവുമായ തിരുമിറ്റക്കോട് രാവുണ്ണി കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള കോട്ടപ്പുഴയിൽ ക്രിയേഷൻസിൻ്റെ പേരിൽ വിരുതൻ, നിമിത്തം, പടക്കം, അച്ഛനും മകനും, തിരകൾ, യമുന എന്നീ ചെറുഫിലിമുകളും ഇറങ്ങി.

ഇവയുടെ ഒക്കെ മുന്നിലും പിന്നിലും ഈ സൗഹൃദങ്ങൾ ഒന്നിച്ച് നിന്നു. കൂടാതെ നാടകം, സാഹിത്യം, സംഗീതം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പലരും ഈ കൂട്ടായ്മയുടെ ഭാഗമായി.

നിമിത്തം എന്ന ഫിലിമിൽ നായകനായി എത്തിയത് പ്രശസ്ത വാദ്യകലാകാരൻ കലാമണ്ഡലം ചന്ദ്രനാണ്. കൂടാതെ വാദ്യകലാരംഗത്തും മറ്റും പ്രശസ്തരായ തബല ബാലു എന്ന ബാലമുരളി, അനിൽ ആറങ്ങോട്ടുകര, കവയത്രിയും അവതാരകയുമായ പ്രിയങ്ക പവിത്രൻ, കവികളായ ചന്ദ്രൻ കക്കാട്ടിരി, കവി രാജേഷ് കോടനാട്, നടൻമാരായ സുനിൽ ചാലിശ്ശേരി, സുനിൽ ആറങ്ങോട്ടുകര, എഴുത്തുകാരനായ വരവൂർ  ശ്രീധരൻ, ക്യാമറമാൻ വിനീത് നീണ്ടൂർ, നടിമാരായ ഭാമിനി രാവുണ്ണി, ബിന്ദു നാരായണൻ, നിമിത, അജിത, ശരണ്യ, പിന്നണി പ്രവർത്തകരായ സബിത, ബിനി എന്നിവരെ കൂടാതെ സംഗീതവുമായി ചാത്തന്നൂർ വിജേഷ് തത്വമസിയും വിവിധ ഫിലിമുകളുടെ ഭാഗമായി.

പരസ്പരം സഹകരിച്ചും സംവദിച്ചും മുന്നോട്ട് പോവുന്ന ഈ കൂട്ടുകെട്ടിൻ്റെ ഭാഗമാവാൻ ഇപ്പോൾ പുതിയ തലമുറയും എത്തുന്നു എന്നത് തന്നെ ഈ കലാകാര കൂട്ടത്തിന് മുതൽ കൂട്ടാവുന്നു. കൂട്ടായ പ്രവർത്തനത്തിനൊപ്പം അവരവരുടെ മേഖലയിലും ഇവർ തങ്ങളുടെ സാന്നിദ്ധ്യം തുടരുന്നു എന്നതും ശ്രദ്ധേയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം