മെട്രോ സിറ്റികളിലും, കോർപ്പറേഷനുകളിലും മാത്രം നടന്നു വരുന്ന മാരത്തോൺ മത്സരം ഗ്രാമാന്തരിക്ഷത്തിൽ നടത്താൻ റണ്ണേഴ്സ് പെരിങ്ങോട് ഒരുക്കം ഊർജ്ജിതമാക്കിയതായി സംഘാടകർ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
അടുത്ത ഫെബ്രുവരി 15 നാണ് ഹെറിറ്റേജ് മാരത്തോൺ നടക്കുന്നത്. സ്പോർട്സ് പ്രേമികൾ കാണാനും ആസ്വദിക്കാനും പങ്കാളികളാവാനും കൊതിക്കുന്ന 21 കി.മീറ്റർ ഹാഫ് മാരത്തോൺ നാടിൻ്റെ ഉത്സവമാക്കി മാറ്റാനാണ് ഒരുക്കം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന മാരത്തോണിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടൊപ്പം ഓൺലൈൻ രജിസ്ത്രേഷൻ ലിങ്കും പ്രസിദ്ധീകരിച്ചിരുന്നു.
മാരത്തോണിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനവും വെബ് സൈറ്റ് ലോഞ്ചിങ്ങും ഒക്ടോബർ 5ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പെരിങ്ങോട് സ്കൂളിൽ നടക്കും. മന്ത്രി എം.ബി രാജേഷ് ലോഗോ പ്രകാശനം നിർവഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.പി റജീന അധ്യക്ഷയാവും.
ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം മുൻ എം.എൽ.എ വി.ടി ബൽറാം നിർവഹിക്കും. പ്രചാരണ സന്ദേശം നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.ബാലചന്ദ്രനും നിർവഹിക്കുമെന്ന് സംഘാടകർ പറഞ്ഞു.
7 മുതൽ 78 വയസ് പ്രായമുള്ളവരുടെ പ്രഭാത വ്യായാമ സംഘമായ റണ്ണേഴ്സ് പെരിങ്ങോട് ആണ് ഇദംപ്രഥമമായി ഹെറിറ്റേജ് മാരത്തോൺ സംഘടിപ്പിക്കുന്നത്. വെറും വ്യായാമം എന്നതു മാത്രമല്ല മികച്ച കായിക ക്ഷമതയുള്ള യുവതയെ വാർത്തെടുക്കലാണ് റണ്ണേഴ്സ് പെരിങ്ങോടിൻ്റെ ലക്ഷ്യം.
സൈനിക, അർധസൈനിക, പോലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ നിരവധി ഡിപ്പാർട്ട്മെൻ്റ്കളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാൻ ഉതകുന്ന തരത്തിൽ യുവാക്കളെ കായികമായി പാകപ്പെടുത്തിയെടുക്കുന്ന ചിട്ടയായ പ്രവർത്തനവും റണ്ണേഴ്സ് പെരിങ്ങോട് നടത്തി വരുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ റണ്ണേഴ്സ് പെരിങ്ങോടിൻ്റെ കീഴിൽ അഭ്യസിച്ച 40 ഓളം പേർ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലായി സേവനമനുഷ്ടിച്ചു വരുന്നുണ്ട്.
21 കി.മീറ്റർ ഹാഫ് മാർത്തോണിന് പുറമെ, 10 KM, 5 KM, Fun & Family Run, കുട്ടികൾക്കും തുടക്കക്കാർക്കും വേണ്ടി 3 KM Haritage Walk & Run എന്നീ 4 വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ പ്രായ വിഭാഗങ്ങളിലായിട്ടുള്ള മത്സര വിജയികൾക്ക് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപയുടെ സമ്മാനത്തുകയും മൊമെൻ്റോകളും നൽകും.
റണ്ണേഴ്സ് പെരിങ്ങോട് ക്ലബ് ഭാരവാഹികളായ എം.പി മണി, ഐ.വിമൽ ചന്ദ്രൻ, അഡ്വ.പി.എം നീലകണ്ഠൻ, രമേശൻ തറാൽ, പി.എം വാസുദേവൻ, ടി.ധർമ്മരാജൻ, പി.ഗണേഷ് കുമാർ, കെ.പി വാസുദേവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
