ദേശീയ സരസ് മേളയുടെ നടത്തിപ്പിന് ചാലിശ്ശേരിയിൽ സംഘാടക സമിതി രൂപീകരിച്ചു.

കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേള ജനുവരി 2 മുതൽ 11 വരെ ചാലിശ്ശേരിയിൽ നടക്കും. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് സാധാരണയായി ദേശീയ സരസ് മേള സംഘടിപ്പിക്കുക പതിവെന്നും ഇത്തവണ തൃത്താല പോലെയുളള ഗ്രാമീണ പ്രദേശത്ത് മേള നടത്താൻ തീരുമാനിച്ചത് ഇവിടുത്തെ ജനങ്ങളിൽ വിശ്വാസമർപ്പിച്ചതു കൊണ്ടാണെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

പത്ത് ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ലഭിക്കുന്ന 250 ലധികം വിപണന സ്റ്റാളുകള്‍ മേളയിൽ സജ്ജീകരിക്കും. ഇന്ത്യയിൽ നിന്ന് 90 സ്റ്റാളുകൾ, ഗ്രാമവികസന വകുപ്പിൻ്റെ 30 സ്റ്റാളുകൾ, കുടുംബശ്രീ ജില്ലാ മിഷൻ തെരഞ്ഞെടുത്ത 130 സ്റ്റാളുകൾ, ഇതര സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം വിളമ്പുന്നതുൾപ്പെടെ 25 ഫുഡ്‌കോര്‍ട്ടുകൾ, കലാ - സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, പ്രാദേശിക കലാപരിപാടികൾ എന്നിവയെല്ലാം മേളയുടെ ഭാഗമായി ഉണ്ടാവും.

സരസ്സ് മേള ലക്ഷ്യമിട്ട് സുസ്ഥിര തൃത്താല പദ്ധതിയും കുടുംബശ്രീയും സംയോജിപ്പിച്ച് തൃത്താലയിൽ 250 ഏക്കറിൽ പച്ചക്കറി കൃഷി നടത്തും. പച്ചക്കറികൾ വിറ്റഴിക്കാൻ പ്രത്യേക സ്റ്റാളുകളും ക്രമീകരിക്കും. സരസ്സ് മേള ജനകീയമാക്കുന്നതിനായി ഒക്ടോബർ 25, 26 തീയതികളിലായി ഗൃഹസന്ദർശനം നടത്തി സരസ്സ് മേളയുടെ വരവ് ജനങ്ങളിലെത്തിക്കും.

സി.ഡി.എസ് എ.ഡി.എസ് തലത്തിൽ പ്രാദേശിക സംഘാടക സമിതികളും രൂപീകരിക്കും. എൻലൈറ്റ്, കുടുംബശ്രീ, എക്സൈസ് വകുപ്പ് എന്നിവയുമായി സംയോജിപ്പിച്ച് നവംബർ രണ്ട് മുതൽ 9 വരെ അഞ്ച് അയൽക്കൂട്ടങ്ങളിൽ ഒന്ന് എന്ന നിലയിൽ ലഹരി വിരുദ്ധ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിക്കും. വീടുവീടാന്തരം ലഹരിക്കെതിരെ സന്ദേശം നൽകും. ഡിസംബറിൽ  ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുന്ന പ്രൊഫൈൽ പിക്ച്ചർ ക്യാമ്പയിനും മേളയുടെ ഭാഗമായി നടക്കും.

സരസ്സ് മേളയെ വരവേൽക്കാൻ വൃത്തിയുള്ള തൃത്താല സന്ദേശമുയർത്തി ശുചീകരണ - സൗന്ദര്യവൽക്കരണ ക്യാമ്പയിനും മത്സരവും സംഘടിപ്പിക്കും. ഡിസംബർ 28ന് ഏകദിന ശുചീകരണ യജ്ഞവും നടത്തും. 

സരസ്സ് മേളയുടെ വിജയത്തിനായി മന്ത്രി  കെ.കൃഷ്ണൻകുട്ടി, എം.പിമാരായ അബ്ദുസമദ് സമദാനി, കെ.രാധാകൃഷ്ണൻ,  വി.കെ ശ്രീകണ്ഠൻ എന്നിവർ രക്ഷാധികാരികളായും മന്ത്രി എം.ബി രാജേഷ് ചെയർമാനും പാലക്കാട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി കൺവീനറുമായ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. 17 സബ് കമ്മിറ്റികളും രൂപീകരിച്ചു.

യോഗത്തിൽ പി.മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വിജേഷ് കുട്ടൻ, പി.കെ ജയ, വി.വി ബാലചന്ദ്രൻ, ഷറഫുദീൻ കളത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ ടീച്ചർ, പാലക്കാട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ജില്ലാ കോ- ഓഡിനേറ്റർ എസ്.അനുരാധ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം