ഓൺലൈൻ തട്ടിപ്പ് : മൂന്ന് പേർ അറസ്റ്റിൽ

പണം തട്ടാൻ എത്രയെത്ര വഴികൾ ! ഇപ്പോഴിതാ കുടുങ്ങിയത് മലയാളിയല്ല. രാജസ്ഥാൻ സ്വദേശിയാണ്. എന്നാൽ പ്രതികൾ മലയാളികളാണ്. 

വെര്‍ച്വല്‍ അറസ്റ്റു ചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ മൂന്നുപേരാണ് അറസ്റ്റിലായത്. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിലെ ആലഞ്ചേരി സുനീജ് (സുനീജ് മോന്‍-38), തൃശ്ശൂര്‍ പൂത്തോള്‍ മാടമ്പിലാന്‍ വലേരിപ്പറമ്പില്‍ അശ്വിന്‍രാജ് (27), കൊളത്തൂര്‍ വറ്റല്ലൂര്‍ പള്ളിപ്പറമ്പന്‍ മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്. 

രാജസ്ഥാനിലെ ജോധ്പുര്‍ സൈബര്‍ പൊലീസും മേലാറ്റൂര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തട്ടിപ്പിലെ മുഖ്യ കണ്ണികളായ അന്തർജില്ലാ സംഘം കുടുങ്ങിയത്. തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയെ പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിപ്പിന് ഇരയാക്കിയത്. 

ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ട ഒരാളെ എന്‍.ഐ.എ അറസ്റ്റു ചെയ്തപ്പോള്‍ കിട്ടിയ എ.ടി.എം കാര്‍ഡുകളില്‍ ഒന്ന് ബിക്കാനീര്‍ സ്വദേശിയുടേത് ആണെന്നായിരുന്നു ഇവര്‍ വിശ്വസിപ്പിച്ചത്. 

ഇയാളില്‍ നിന്നും 60,08,794 രൂപയാണ് പ്രതികള്‍ കവര്‍ന്നത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എ.പ്രേംജിത്ത് എന്നിവരുടെ നിര്‍ദേശ പ്രകാരം ജോധ്പുര്‍ സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ തേജ്കരന്‍, മേലാറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.സി മനോജ്കുമാര്‍, എസ്.ഐ പ്രദീപ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ മന്‍സൂര്‍, എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ സുബിന്‍, അനിത, ഹോംഗാര്‍ഡ് എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം