മെട്രോ സിറ്റികളിലും, കോർപ്പറേഷനുകളിലും മാത്രം നടന്നു വരുന്ന മാരത്തോൺ മത്സരം ഗ്രാമാന്തരിക്ഷത്തിൽ നടത്താൻ റണ്ണേഴ്സ് പെരിങ്ങോട് ഒരുക്കം തുടങ്ങി.
7 മുതൽ 78 വയസ് പ്രായമുള്ളവരുടെ പ്രഭാത വ്യായാമ സംഘമാണ് റണ്ണേഴ്സ് പെരിങ്ങോട്. വെറും വ്യായാമം എന്നതു മാത്രമല്ല മികച്ച കായിക ക്ഷമതയുള്ള യുവതയെ വാർത്തെടുക്കലാണ് റണ്ണേഴ്സ് പെരിങ്ങോടിൻ്റെ ലക്ഷ്യം.
സൈനിക, അർധസൈനിക, പോലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ നിരവധി ഡിപ്പാർട്ട്മെൻ്റ്കളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാൻ ഉതകുന്ന തരത്തിൽ യുവാക്കളെ കായികമായി പാകപ്പെടുത്തിയെടുക്കുന്ന ചിട്ടയായ പ്രവർത്തനവും റണ്ണേഴ്സ് പെരിങ്ങോട് നടത്തി വരുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ റണ്ണേഴ്സ് പെരിങ്ങോടിൻ്റെ കീഴിൽ അഭ്യസിച്ച 40 ഓളം പേർ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലായി സേവനമനുഷ്ടിച്ചു വരുന്നുണ്ട്.
2026 ഫെബ്രുവരി 15 ഞായറാഴ്ചയാണ് പെരിങ്ങോട് ഹെറിറ്റേജ് മാരത്തോൺ-2026 എന്ന പേരിൽ Half Marathon (21 KM ), 10 KM, 5 KM Fun & Family Run, കുട്ടികൾക്കും തുടക്കക്കാർക്കും വേണ്ടി 3 KM Haritage Walk & Run എന്നീ 4 വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ പ്രായ വിഭാഗങ്ങളിലായിട്ടുള്ള മത്സര വിജയികൾക്ക് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപയുടെ സമ്മാനത്തുകയും മൊമെൻ്റോകളും നൽകും.
പെരിങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ മാരത്തോണിൻ്റെ ഔദ്യോഗിക പ്രഖ്യാപനം പുമുള്ളി നാരായണൻ നമ്പൂതിരിപ്പാടും പോസ്റ്റർ പ്രകാശനം ചാലിശ്ശേരി പോലീസ് ഇൻസ്പെക്ടർ മഹേന്ദ്ര സിംഹനും, രജിസ്ട്രേഷൻ ലിങ്കിൻ്റെ ഉദ്ഘാടനം പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടും നിർവ്വഹിച്ചു.
വാർഡു മെമ്പർമാരായ പി.വിനിത, പി.ഷീബ, കെ.എ സലീം, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ എം.എസ് സജിത, ഹെഡ്മിസ്ട്രസ്സ് വി.ശ്രീകല എന്നിവർ സംസാരിച്ചു. റണ്ണേഴ്സ് പെരിങ്ങോട് പ്രസിഡണ്ട് എം.പി മണി. സ്വാഗതവും, രമേഷ് തരൾ നന്ദിയും പറഞ്ഞു. 10 കി.മീറ്റർ മത്സരത്തിന് തയ്യാറായി ചാലിശ്ശേരി പോലീസ് ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന താരമായി.
