കൊടുമുണ്ടയിലെ കുഞ്ഞൻ നായർ സ്മാരക വായനശാലയും ഉദ്ബുദ്ധ കേരളം വിജ്ഞാന കേന്ദ്രവുമാണ് ടി.എം കൃഷ്ണയുടെ പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെങ്ങും ആരാധകരുള്ള, കർണാടക സംഗീതത്തിലെ മഹാപ്രതിഭാശാലിയായ കൃഷ്ണയെ വരവേൽക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. കൃഷ്ണയെ കേൾക്കാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കർണാടക സംഗീത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച പ്രതിഭയാണ് ടി.എം കൃഷ്ണ. പരമ്പരാഗത കർണാടക സംഗീത വഴികളിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാരുടെ സംഗീതത്തോട് ചേർന്ന് നിന്നുകൊണ്ട് ധാരാളം ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ജനകീയ സംഗീതജ്ഞൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കർണാടക സംഗീതത്തിൽ വലിയ താല്പര്യമോ ജ്ഞാനമോ ഇല്ലാത്തവരെ പോലും അദ്ദേഹത്തിന്റെ സംഗീത സിദ്ധി ആകർഷിക്കുന്നു. പരമ്പരാഗത കർണാടക സംഗീത കൃതികൾ കൂടാതെ പുരോഗമന സ്വഭാവമുള്ള ധാരാളം രചനകൾ കർണാടക സംഗീതത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കലാസ്വാദകർക്ക് ഏതു നിലയ്ക്കും ആസ്വദിക്കാവുന്ന ഒരു സംഗീതവിരുന്നായിരിക്കും ഒക്ടോബർ അഞ്ചിന് വൈകുന്നേരം 5ന് കൊടുമുണ്ടയിൽ നടക്കുക. ഈ സംഗീത സദസ്സിന് മുന്നോടിയായി ടി.എം കൃഷ്ണയും ഡോക്ടർ എം.വി നാരായണനും തമ്മിൽ ഒരു സംഭാഷണവും നടക്കുന്നുണ്ട്.
1969ൽ കൊടുമുണ്ടയിൽ പ്രശസ്ത സഹകാരിയും സാമൂഹ്യപ്രവർത്തകനുമായ കുഞ്ഞൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച വായനശാലയാണിത്. പിൽക്കാലത്ത് 'ഉദ്ബുദ്ധ കേരളം വിജ്ഞാനകേന്ദ്രം' എന്ന പേരിൽ വായനശാലയുടെ ഭാഗമായി ഒരു കേന്ദ്രം കൂടി പ്രവർത്തനം ആരംഭിച്ചു. ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന പട്ടാമ്പി താലൂക്കിലെ മികച്ച വായനശാലകളിൽ ഒന്നാണിത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേകം ഇരിപ്പിടം സൗകര്യപ്പെടുത്തിയിട്ടുണ്ട്. പാർക്കിങ്ങിന് പ്രത്യേകം സ്ഥലവും ഏർപ്പാടാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

👍👍
മറുപടിഇല്ലാതാക്കൂ