താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് താമരശ്ശേരി ആശുപത്രിയിൽ ഇന്ന് എല്ലാ സേവനങ്ങളും നിർത്തിവച്ചു.
മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ആഗസ്റ്റ് 14നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്.
മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ ജില്ലയിലെ ഡോക്ടർമാർ സമര രംഗത്തിറങ്ങി. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും ഡോക്ടർമാർ അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. മറ്റു ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക.
അതേസമയം, താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആക്രമണം അത്യന്തം അപലപനീയമാണെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
