കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് അംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവഹാനി.

കൊല്ലം നെടുവത്തൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ 80 അടി താഴ്ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (31), സുഹൃത്തായ ശിവകൃഷ്ണന്‍ (24), ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സോണി എസ്.കുമാര്‍ (36) എന്നിവരാണ് മരിച്ചത്. മരണപ്പെട്ട അർച്ചന മൂന്ന് കുട്ടികളുടെ മാതാവാണ്.

സുഹൃത്തായ ശിവകൃഷ്ണൻ്റെ കൂടെ താമസിക്കുന്ന അർച്ചന വാക്കുതര്‍ക്കത്തിനിടയിൽ കിണറ്റില്‍ ചാടിയെന്നാണ് വിവരം. അര്‍ച്ചനയെ രക്ഷിക്കാനായി ശിവകൃഷ്ണന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള സ്‌കൂബ ഡൈവേഴ്‌സ് ഉള്‍പ്പെടെയുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. 

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സോണി അര്‍ച്ചനയെ രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങി. ഈ സമയത്ത് കിണറിന്റെ കൈവരി ഇടിയുകയും കിണറിനോട് ചേര്‍ന്ന് നിന്ന ശിവകൃഷ്ണനും കൂടി കിണറിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോണിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. 

കിണറിന്റെ കൈവരി ഇടിഞ്ഞ് പാറക്കഷ്ണങ്ങള്‍ തലയില്‍ പതിച്ചതാണ് മരണകാരണം. കാലപ്പഴക്കമുള്ള കിണറായതും കൈവരി ദുര്‍ബലമായതുമാണ് ദുരന്തത്തിന് കാരണം. രക്ഷാപ്രവര്‍ത്തനത്തിനിടെ ശിവകൃഷ്ണന്‍ കിണറിന്റെ സമീപത്തേക്ക് എത്തിയപ്പോഴാണ്  കൈവരി ഇടിഞ്ഞ് താഴേക്ക് വീണത്. മൂന്നു പേരുടെ ദാരുണ മരണ വാർത്ത കേട്ടാണ് ഇന്ന്  നെടുവത്തൂർ ഗ്രാമം ഉണർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം