ആറങ്ങോട്ടുകരയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

ഇന്നലെ രാത്രി പത്തരയോടെ ചെറുതുരുത്തി - കൂറ്റനാട് സംസ്ഥാന പാതയിൽ ആറങ്ങോട്ടുകര പഴയ സത്യൻ ടാക്കീസ് പരിസരത്തുള്ള വളവിലാണ് അപകടം.

മലപ്പുറം ജില്ലയിലെ മോങ്ങം മൊറയൂർ സ്വദേശി തുപ്പിലിക്കാട്ട് വീട്ടിൽ 25 വയസുള്ള ഷാഫിയാണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ഷാഫിയുടെ ഭാര്യയ്ക്കും പരിക്കുണ്ട്.

അതിരപ്പിള്ളിയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മൂന്ന് ഇരുചക്ര വാഹനങ്ങളിലും ഒരു കാറിലുമായി മലപ്പുറത്തേക്ക് പോവുകയായിരുന്ന സംഘത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചത്. സ്കൂട്ടറിൽ മുഹമ്മദ് ഷാഫിയും, ഭാര്യയും ഉണ്ടായിരുന്നു. എതിരെ  ബൈക്കിൽ വന്നിരുന്ന തലശ്ശേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ 26കാരനായ സുധീഷിൻ്റെ  പരിക്കും ഗുരുതരമാണ്. ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഓടിക്കൂടിയ നാട്ടുകാരും, ഒപ്പമുണ്ടായിരുന്നവരും ചേർന്ന് പരിക്കേറ്റ മൂന്ന് പേരെയും ദേശമംഗലം കൂട്ടുപാതയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമായതിനാൽ മുഹമ്മദ് ഷാഫിയെയും ഭാര്യയെയും തൃശൂരിലെ  ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഷാഫിയുടെ ജീവൻ രക്ഷിക്കാനായില്ല. ദേശമംഗലം തലശ്ശേരി സ്വദേശി സുധീഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞ രാത്രി ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകട സ്ഥലത്ത് ഇന്ന് രാവിലെ വീണ്ടും അപകടം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന അപകടത്തിൽ ആളപായമില്ല. ചെറുതുരുത്തി - കൂറ്റനാട്  സംസ്ഥാന പാതയിൽ  ആറങ്ങോട്ടുകര പഴയ സത്യൻ ടാക്കീസ് പരിസരത്ത് ഇന്ന് കാലത്ത് 7 മണിയോടെ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. ചെറുതുരുത്തി ഭാഗത്ത് നിന്നും മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് റോഡിനു കുറുകെ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

റോഡിൻ്റെ സൈഡിലുള്ള  കൾവർട്ട് ഭിത്തിയിൽ ഇടിച്ചാണ് ലോറി മറിഞ്ഞത്. ഭിത്തി പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം മൂലം ഈ റൂട്ടിൽ  നാല് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രൈയ്ൻ ഉപയോഗിച്ച് വാഹനം എടുത്തുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഇന്ന് അപകടം നടന്ന സ്ഥലത്തു നിന്നും 200 മീറ്റർ മാറിയാണ് ഇന്നലെ രാത്രി പത്തരയോടെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം മോങ്ങം മൊറയൂർ സ്വദേശി മുഹമ്മദ് ഷാഫി മരണപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം