ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പാലക്കാട് ശേഖരീപുരം സ്വദേശിയിൽ നിന്ന് 45,83,165 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.
പശ്ചിമ ബംഗാൾ ഹൂഗ്ലി ഹിന്ദ് സ്വദേശി ദിപു കുണ്ടു (36) വിനെയാണ് ബെംഗുളൂരുവിൽ വെച്ച് പാലക്കാട് സൈബർ പോലീസ് പിടികൂടിയത്.
2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക മാധ്യമങ്ങൾ വഴി നിരന്തരം ബന്ധപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുകകൾ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് ലാഭം നൽകുകയും പിന്നീട് ഭീമമായ തുക വാങ്ങി മുഴുവനും തട്ടിയെടുക്കുകയുമായിരുന്നു.
ഇതിനിടെ, നഷ്ടപ്പെട്ട തുകയിൽ നിന്ന് 14 ലക്ഷം രൂപ പ്രതിയുടെ ബെംഗുളൂരുവിലുള്ള അക്കൗണ്ടിലേക്കു മാറ്റി. പിന്നീട് തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. രണ്ടുവർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന പ്രതിയുടെ അക്കൗണ്ടു വഴി ദിവസേന കോടിക്കണക്കിനു രൂപ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ പേരിൽ സമാന കുറ്റത്തിന് മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, ബംഗാൾ, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലായി 18 കേസുകൾ നിലവിലുണ്ട്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി. ശശികുമാർ, സബ് ഇൻസ്‌പെക്ടർമാരായ ഡി. ഷെബീബ് റഹ്മാൻ, ബൈജു സി.എൽദോ, സീനിയർ സിവിൽ പോലീസ് ഓഫീസറായ എബ്രഹാം ടി. വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഫാസിൽ, യു.സുബിൻ, പി.കെ ശരണ്യ, വി.ഉല്ലാസ് എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.
