കുട്ടികൾ കളിക്കുന്നതിനിടെയാണ് ആൾ താമസമില്ലാത്തതും പാതി പണി കഴിഞ്ഞതുമായ വീട് ഇടിഞ്ഞു വീണത്. അപകടത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചു. ബന്ധുവായ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ (6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാറുണ്ട്. അപകടം നടന്ന വീടിന്‍റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്.
വർഷങ്ങളായി പണി പൂർത്തിയാവാതെ കിടക്കുന്ന വീടാണിത്. മേൽക്കൂര ഇല്ലാതെ ഉപയോഗ ശൂന്യമായി കിടക്കുന്ന വീടിന്‍റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം.
മഴയും വെയിലും കൊണ്ട് ചുമർ ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. മൊബൈൽ റേഞ്ച് ഇല്ലാത്ത പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകിയെന്നും പറയപ്പെടുന്നുണ്ട്.
