പരുതൂർ പള്ളിപ്പുറം കൊടിക്കുന്ന് ദേവസ്വം ഏർപ്പെടുത്തിയ കൊടിക്കുന്ന് ദേവി പുരസ്കാരം ഗായിക എൻ.ലതികയ്ക്ക്. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കലാ സാംസ്കാരിക സാഹിത്യ സംഗീത സേവന മേഖലകളിലെ വ്യക്തികൾക്ക് ആദര സൂചകമായാണ് പുരസ്കാരം നൽകുന്നത്.
ക്ഷേത്രത്തിലെ പൂരം പടഹാര ഉത്സവത്തോടനുബന്ധിച്ച് വെള്ളി രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ ട്രസ്റ്റി മഹാമഹിമ സാമൂതിരി രാജ പുരസ്കാരം കൈമാറും. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ അനുമോദിക്കും.
'വന്ദനം', 'ചിത്രം', 'താളവട്ടം' തുടങ്ങി എൺപതുകളിൽ ഇറങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടി ലതിക ടീച്ചർ ഹമ്മിംഗ് നൽകിയിട്ടുണ്ട്. ‘കാതോടു കാതോരം’ എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തയാക്കിയത്. 'കാതോടു കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതർ പാടി', 'നീയെൻ സർഗ സൗന്ദര്യമേ' തുടങ്ങിയ ഗാനങ്ങളും ആലപിച്ചത് ലതിക ടീച്ചറാണ്. 'ചിലമ്പി'ലെ 'താരും തളിരും', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തിലെ 'പൂ വേണം, പൂപ്പട വേണം', വൈശാലിയിലെ 'ദും ദും ദും ദുന്ദുഭിനാദം', 'അമര'ത്തിലെ 'പുലരേ പൂങ്കോടിയിൽ', 'വെങ്കല'ത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങൾ', 'ചമ്പക്കുളം തച്ചനി'ലെ 'മകളേ.. പാതിമലരേ..' തുടങ്ങിയ എവർഗ്രീൻ ഗാനങ്ങളെല്ലാം പാടിയത് ലതികയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി ഗാനങ്ങൾ ലതിക ടീച്ചർ പാടിയിട്ടുണ്ട്.
