കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ് അംഗമായ മേലെ തലശ്ശേരിയിലെ പി.എം. അഷ്റഫിന്റെ മാതാവ് പാത്തുമ്മയുടെ മരണാനന്തര ധന സഹായമായി കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി.
പാത്തുമ്മയുടെ വീട്ടിൽ നടന്ന ചടങ്ങ് കെ.വി.വി.ഇ.എസ് ദേശമംഗലം യൂണിറ്റ് പ്രസിഡണ്ട് ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ് ജനറൽ സെക്രട്ടറി കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ പി. നന്ദകുമാർ, വർക്കിംഗ് പ്രസിഡണ്ട് എം.അബ്ദുൽ റഹിമാൻ, സെക്രട്ടറി സി.എച്ച് മുസ്തഫ, പി.കെ വാസു, വി.എം ഷഹനാസ്, ടി.കെ സജീവ് പി.എം അഷ്റഫ് എന്നിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റി ബെനവലൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 2022 ജനുവരിയിൽ തുടക്കം കുറിച്ച ഭദ്രം, ഭദ്രം പ്ലസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ നാല് വർഷത്തിനിടയിൽ 65 കോടിയിൽ പരം രൂപ നൽകിക്കഴിഞ്ഞതായി ജി.ഹരിദാസ് പറഞ്ഞു.
ബനവലൻ്റ് സൊസൈറ്റിയിൽ അംഗങ്ങളായി മരണപ്പെടുന്നവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ നൽകിവരുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ ചികിത്സാ സഹായമായി 25000 രൂപ മുതൽ രോഗത്തിൻ്റെ കാഠിന്യമനുസരിച്ച് ഏഴര ലക്ഷം രൂപ വരെ നൽകിവരുന്നു. ഇതിനെല്ലാം പുറമേ 2025 ജനുവരി മുതൽ വ്യാപാരികളുടെ മക്കളുടെ വിവാഹത്തിന് സഹായമായി ഒരു ലക്ഷം രൂപ വീതവും നൽകി വരുന്നുണ്ട്.
ഇത്തരത്തിൽ ദേശമംഗലം യൂണിറ്റിൽ നിന്ന് മാത്രമായി മരണപ്പെട്ട മൂന്നുപേർക്ക് 25 ലക്ഷം രൂപയും, ഏഴുപേരുടെ ചികിത്സക്കായി 8 ലക്ഷം രൂപയും, അഞ്ചു പേരുടെ വിവാഹ ധനസഹായമായി 5 ലക്ഷം രൂപയും ഉൾപ്പെടെ 38 ലക്ഷം രൂപ ഇതിനകം നൽകിക്കഴിഞ്ഞുവെന്നും ജി.ഹരിദാസ് പറഞ്ഞു.
