പരമ്പരാഗതമായ ഉത്സവാഘോഷങ്ങൾ തനിമ നഷ്ടപ്പെടാതെ സംഘടിപ്പിക്കാനുള്ള അവസരം ഉണ്ടാവണമെന്ന് കേരള ഫെസ്റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി.

ആരാധനാലയങ്ങളിൽ പരമ്പരാഗതമായ രീതിയിൽ  നടന്നുവരുന്ന ഉത്സവങ്ങൾ,  ആഘോഷങ്ങൾ, നേർച്ച എന്നിവ സുഗമമായി നടത്തുന്നതിന് സർക്കാർ സൗകര്യങ്ങൾ ഒരുക്കിത്തരണമെന്ന് കേരള ഫെസ്റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി തൃത്താല മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.  

സംഘടനയുടെ വാർഷിക പൊതുയോഗം ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രം ഹാളിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ടി.വി.മുകുന്ദൻ അധ്യക്ഷനായി.

സർക്കാർ അനുശാസിക്കുന്ന രീതിയിൽ സുരക്ഷാ ക്രമീകരണങ്ങളും പരിരക്ഷയും സമയാസമയങ്ങളിൽ തരപ്പെടുത്തി കൊടുക്കുകയും ഉത്സവപ്പറമ്പുകളിലെ കച്ചവടക്കാർ, ആന തൊഴിലാളികൾ, മറ്റു കലാകാരന്മാർ എന്നിവരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഉത്സവ പ്രേമികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുള്ളവരേയും ഉൾപ്പെടുത്തിയാണ്  കേരള ഫെസ്റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി രൂപവൽക്കരിച്ചിട്ടുള്ളത്.  

സംഘടനയുടെ കീഴിൽ എലിഫൻ്റ് റസ്ക്യൂ ഫോഴ്സ് എന്നപേരിൽ പ്രത്യേക പരിശീലനം നേടിയ 15  വളണ്ടിയർമാരടങ്ങുന്ന സുരക്ഷാ സേനയും അടിയന്തരഘട്ടത്തിൽ എത്തുന്നതിനാവശ്യമായ ആംബുലൻസ് സൗകര്യങ്ങളും സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

കെ.എഫ്.ടി.സി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര മുഖ്യപ്രഭാഷണം നടത്തി. ആന ചികിത്സാ വിദഗ്ധൻ ഡോ.പി.രാജീവ്  മുഖ്യാതിഥിയായി. വാദ്യകലാകാരൻ കലാമണ്ഡലം ചന്ദ്രൻ, ആനപ്പുറം കലാകാരൻ കറുത്തേടത്ത് മന മണികണ്ഠൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മേഖലാ ട്രഷറർ സി.കെ സുഷി, പി.എം നാരായണൻ നമ്പൂതിരി, വി.എം നാരായണൻ നമ്പൂതിരി, കോട്ടൂർ മന വാസുദേവൻ നമ്പൂതിരി, മേഖലാ പ്രസിഡൻ്റ് തമ്പി കൊള്ളന്നൂർ, കെ.എസ്.കെ തങ്ങൾ, ഉണ്ണിക്കുട്ടൻ കരിക്കാട് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : അഡ്വ.എം.വിദ്യാധരൻ (വർക്കിങ്ങ് പ്രസി), തമ്പി കൊള്ളന്നൂർ, കെ.എസ്.കെ തങ്ങൾ (വൈസ് പ്രസിഡൻ്റുമാർ), ഉണ്ണിക്കുട്ടൻ കരിക്കാട് (ജന.സെക്രട്ടറി), സി.കെ.സുഷി, രവി കുന്നത്ത് (ജോ : സെക്രട്ടറിമാർ)

എലിഫൻ്റ് റസ്ക്യൂ ഫോഴ്സ് ചെയർമാൻ: ജയൻ കൂറ്റനാട്. കൺവീനർ : എം.രതീഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം