ചാലിശ്ശേരിയിൽ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഒരുക്കമായി.

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേള ജനുവരി 2 മുതൽ 11 വരെ  തൃത്താല നിയോജക മണ്ഡലത്തിലെ ചാലിശ്ശേരിയിൽ നടക്കും. ഇതിനുള്ള ഒരുക്കം പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി രാജേഷും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ പി. ഉണ്ണികൃഷ്ണനും കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷൻ കേരളത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണ് ചരിത്രത്തിലാദ്യമായി തൃത്താല ചാലിശ്ശേരിയിലെത്തുന്നത്. മുലയംപറമ്പ് മൈതാനത്ത് ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദികളിലാണ് മേള നടക്കുന്നത്. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 250 പ്രദർശന- വിപണന സ്റ്റാളുകളിൽ കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ,  ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടക്കും.

ദേശീയ സരസ് മേളയുടെ ഉദ്ഘാടന സമ്മേളനം  ജനുവരി 2 വൈകീട്ട് 4.30ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയയസഭ സ്പീക്കർ എ.എൻ ഷംസീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, അബ്‌ദുൾ സമദ് സമദാനി എം.പി,  വി.കെ ശ്രീകണ്ഠൻ എം.പി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി സംബന്ധിക്കും.  

സമാപന സമ്മേളന ഉദ്ഘാടനം ജനുവരി 11 വൈകീട്ട് 6 മണിയ്ക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. കെ.രാധാകൃഷ്ണൻ എം.പി, പ്രശസ്ത സിനിമാതാരം മഞ്ജു വാരിയർ എന്നിവർ മുഖ്യാതിഥികളായെത്തും. കൂടാതെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ഫിഷറീസ് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, കൃഷി വകുപ്പ് മന്ത്രി  പി.പ്രസാദ്, കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അബ്ദുറഹിമാൻ എന്നിവർ വിവിധ ദിവസങ്ങളിലെ സാംസ്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിലും മറ്റുദിവസങ്ങളിലും പാലക്കാട്, മലപ്പുറം, തൃശൂർ, ജില്ലകളിൽ നിന്നുള്ള  എം.എൽ.എമാർ പങ്കെടുക്കും. 

കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചി വൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്കോർട്ട്, പ്രശസ്ത കലാകാരന്മാരും കലാകാരികളും അണി നിരയ്ക്കുന്ന നൃത്ത നിശകൾ, പ്രാദേശിക കുടുംബശ്രീ കലാകാരികളുടേയും അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാവിഷ്കാരങ്ങൾ, തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദര സന്ധ്യകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പുഷ്പമേള, ഹാപ്പിനെസ് കോർണർ തുടങ്ങിയവയെല്ലാം മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സരസ് മേളയ്ക്ക് മുന്നോടിയായി ജനുവരി ഒന്നാം തീയതി വൈകിട്ട് 6 മണിക്ക് വയലി മ്യൂസിക് ബാൻഡ് ഷോയും, 7.30ന് ഉറവ് ടീം നയിക്കുന്ന പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടും ഉണ്ടാകും.  സരസ് മേളയുടെ ആദ്യ ദിനമായ ജനുവരി 2ന് മട്ടന്നൂർ ശങ്കരൻകുട്ടി, ശരത്, പ്രകാശ് ഉള്ളേരി എന്നിവർ അവതരിപ്പിക്കുന്ന ത്രയ മ്യൂസിക്കൽ ഫ്യൂഷൻ, രണ്ടാം ദിനം 4 മണിക്ക് അലോഷി പാടുന്നു, 6 മണിക്ക് സിനിമാതാരം നവ്യ നായർ അവതരിപ്പിക്കുന്ന സോളോ ഭരതനാട്യം കച്ചേരി, മൂന്നാം ദിനത്തിൽ റിമി ടോമി അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ, നാലാം ദിനം പ്രശസ്ത ഗായിക പുഷ്പാവതി അവതരിപ്പിക്കുന്ന ഗാനസന്ധ്യ, അഞ്ചാം ദിനത്തിൽ ഡോ. RLV രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഗംഗ ശശിധരന്റെ വയലിൻ മ്യൂസിക്കും, ആറാം ദിനം ഷഹബാസ് അമൻ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ, ഏഴാം ദിനം ബിൻസിയും ഇമാമും അവതരിപ്പിക്കുന്ന സൂഫി മിസ്റ്റിക്ക് സംഗീതം, എട്ടാം ദിനം സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന ലൈവ് ഷോ, ഒമ്പതാം നാൾ സ്റ്റീഫൻ ദേവസ്സി അവതരിപ്പിക്കുന്ന ബാൻഡ് ലൈവ്, സരസ് മേളയുടെ അവസാന ദിനത്തിൽ പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്റ്റ് മലബാറിക്കസ് മ്യൂസിക് ഷോ എന്നിങ്ങനെ നിരവധി കലാ പരിപാടികളാണ് സരസ് മേളയുടെ പത്ത് ദിനങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്. 

കൂടാതെ പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികളും ദിവസേനയുണ്ടാകും. തൃത്താലയിലെ കലാസാംസ്‌കാരിക രംഗത്ത് മികവ് പുലർത്തിയ 300ൽ പരം വക്തികളെ മേളയിൽ ആദരിക്കും. സരസ് മേളയുടെ ഭാഗമായി 50 രൂപ വില വരുന്ന സമ്മാനക്കൂപ്പണിൽ നിരവധി സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും.  സരസ് മേളയുടെ സമാപനത്തിലാണ് നറുക്കെടുപ്പ്.

തൃത്താല മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 33 ഏക്കറിൽ സരസ് മേള ഫുഡ് കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങളും സംഘകൃഷി ഗ്രൂപ്പുകളും കൃഷിചെയ്തു വരുന്നു. മേളയോടടുക്കുന്ന ദിവസങ്ങളിൽ പച്ചക്കറികൾ വിളവെടുക്കും. 

പ്രചരണത്തിന്റെ ഭാഗമായി ഡിസംബർ 28ന്  തൃത്താല മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കൂടാതെ 30ന് കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ മിനി മാരത്തോൺ സംഘടിപ്പിക്കും.

നാലര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം തുകയും സംസ്ഥാന സർക്കാരും, തദ്ദേശ സ്ഥാപനങ്ങളും സ്പോൺസർമാരും കുടുംബശ്രീ സമാഹരിക്കുന്ന കൂപ്പണിലൂടെയുമാണ് സമാഹരിക്കുന്നതെന്നും ചോദ്യത്തിനുത്തരമായി മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം