പന്തിരുകുലത്തിൻ്റെ ആസ്‌ഥാനമായ തൃത്താലയിലെ യജ്ഞേശ്വരം ശിവക്ഷേത്രത്തിൽ ഇന്നലെ തുടങ്ങിയ വള്ളുവനാട് ഹിന്ദുമത പരിഷത്ത് പന്ത്രണ്ടാം സമ്മേളനം ഞായറാഴ്ച സമാപിക്കും.
രണ്ടാം ദിവസമായ ഇന്ന് (ശനിയാഴ്ച) രാവിലെ 8.30 മണി മുതൽ 10 മണി വരെ ആചാര്യ സുമംഗല നെല്ലിക്കാട്ടിരിയുടെ നേതൃത്വത്തിൽ ശ്രീവിഷ്‌ണു സഹസ്രനാമ പാരായണം നടന്നു. 10 മണി മുതൽ നടന്ന മാതൃ സമ്മേളനത്തിൽ വത്സല മേഴത്തൂർ അധ്യക്ഷയായി. പ്രൊഫസർ സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തി.
തത്വരസികൻ പ്രസാദ് പുളിക്കൽ ദീപപ്രോജ്വലനം നടത്തി. ദേവിക കൊടുമുണ്ട പ്രാർത്ഥന ചൊല്ലി. മാതൃധർമ്മത്തെ അധികരിച്ച് വിഷയാവതരണം നടന്നു. 'വിജയലക്ഷ്മി തലക്കശ്ശേരി, ഗിരിജ ബാലകൃഷ്ണൻ തൃത്താല, ശ്രീകല വാസുകി എന്നിവർ ആദരായനത്തിൽ പങ്കെടുത്തു. ഡോ.പത്മജ വേണുഗോപാൽ, ഷീല ഗോപിനാഥ്, മീനാക്ഷിക്കുട്ടി എന്നിവർ സംസാരിച്ചു.
വൈകുന്നേരം 4.30ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ, ഹൈന്ദവ ധർമ്മം, വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തെ അധികരിച്ച് സംപൂജ്യ സ്വാമി സ്വരൂപാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തി. സംപൂജ്യ സ്വാമി അഭയാനന്ദ, പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട്, രവീന്ദ്രൻ വെളിച്ചപ്പാട്, അച്യുതൻകുട്ടി, പത്മനാഭൻ ആചാരി, പ്രദീപ് മാസ്റ്റർ, കുമാരി അഞ്ജിത കൃഷ്ണ എന്നിവർ സംസാരിച്ചു. വൈകുന്നേരം കലാ പരിപാടികൾ അരങ്ങേറി.
നാളെ (ഞായറാഴ്‌ച ) രാവിലെ 8 മണി മുതൽ ലളിതാ സഹസ്രനാമ പാരായണം, ഭജന എന്നിവയുണ്ടാവും. 10.30 മുതൽ യുവജന സമ്മേളനം നടക്കും. അഡ്വ.രാജേഷ് വെങ്ങാലിൽ അധ്യക്ഷത വഹിക്കും. ഒ.എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ആദരായനത്തിൽ ദേശീയ- സംസ്ഥാന പ്രതിഭകളെ അനുമോദിക്കും.
വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സംപൂജ്യ സ്വാമി ദേവാനന്ദ പുരി അനുഗ്രഹപ്രഭാഷണം നിർവഹിക്കും. വൈകുന്നേരം 6.30 മുതൽ ഗുരുവായൂർ ജ്യോതിദാസും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്ന അഷ്ടപദിയോടെ സമാപിക്കും.

