ദേശീയ സരസ് മേളയിലെ തിരക്കിനിടയിലൂടെ നടന്നാൽ 72 ആം നമ്പർ സ്റ്റാളിന് മുന്നിൽ ആളുകളുടെ ഒരു നീണ്ട നിര കാണാം. പള്ളിപ്പുറം പലത്തറയിലെ ഒരു കൊച്ചു യൂണിറ്റിൽ നിന്ന് ഗുണമേന്മയുടെ പെരുമയുമായി എത്തിയ 'കൊളീഗ്' ബാഗുകളുടെ സ്റ്റാളാണത്. കുറഞ്ഞ വിലയും മികച്ച ഫിനിഷിംഗും ഒത്തുചേർന്നപ്പോൾ പട്ടാമ്പി പള്ളിപ്പുറം സ്വദേശിനിയായ പി.ടി. ശ്രുതിയുടെയും സംഘത്തിന്റെയും ആദ്യ സരസ് മേള തന്നെ വൻ വിജയമായി മാറുകയാണ്.
പരുതൂർ സി.ഡി.എസിന്റെ പിന്തുണയോടെ 2023-ലാണ് ശ്രുതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം 'കൊളീഗ്' എന്ന പേരിൽ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളായ സാധാരണക്കാരായ വീട്ടമ്മമാർ തുന്നിയെടുത്ത ബാഗുകൾ ഇന്ന് സംസ്ഥാനത്തെ പ്രമുഖ മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. കേരളീയം, എന്റെ കേരളം പ്രദർശനങ്ങൾക്ക് ശേഷം ആദ്യമായാണ് ഇവർ ദേശീയ സരസ് മേളയുടെ ഭാഗമാകുന്നത്.
വിപണിയിൽ വൻവില ഈടാക്കുന്ന ട്രാവൽ ബാഗുകൾക്കും ലേഡീസ് ഹാൻഡ് ബാഗുകൾക്കും പകുതി വിലയിൽ താഴെയാണ് ഇവരുടെ വില. പുതിയ മോഡലുകളിലുള്ള പേഴ്സുകൾക്ക് 100 രൂപ മാത്രമാണ് ഈടാക്കുന്നത്. ലേഡീസ് ഹാൻഡ് ബാഗ് വെറും 150 രൂപയ്ക്കും ട്രാവൽ ബാഗുകൾക്ക് 900 രൂപ മാത്രമാണ്.
"പാലത്തറയിലെ നിർമ്മാണ യൂണിറ്റിൽ നിന്ന് നേരിട്ട് സ്റ്റാളിലെത്തിക്കുന്നതിനാലാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയുന്നത്. സീസൺ സമയങ്ങളിൽ മാത്രമാണ് സാധാരണയായി നല്ല വരുമാനം ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ സരസ് പോലുള്ള മേളകളാണ് ഞങ്ങളുടെ ഏക പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ വലിയ കച്ചവടമാണ് നടന്നത് എന്ന് യൂണിറ്റ് അമരക്കാരിയായ ശ്രുതി ആത്മവിശ്വാസത്തോടെ പറയുന്നു.
സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ പുതിയൊരു മാതൃക കൂടിയാവുകയാണ് പള്ളിപ്പുറത്തെ ഈ വീട്ടമ്മമാർ. സരസ് മേളയിലെ ആവേശകരമായ പ്രതികരണം തങ്ങളുടെ സംരംഭത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ സംഘം.
