തിരുമിറ്റക്കോട് പഞ്ചായത്തിൽ കറുകപുത്തൂരിനടുത്താണ് സംഭവം. അകിലാണം കറുകപുത്തൂർ റോഡിലൂടെ വൈക്കോൽ കയറ്റി വന്ന ലോറിയാണ് തീപ്പിടിച്ചത്. വീതി കുറഞ്ഞ റോഡിൻ്റെ ഇരുവശങ്ങളും നിറയെ വീടുകളുള്ള പ്രദേശമാണ്. ജനവാസ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം ജനങ്ങളെ ആകെ പരിഭ്രാന്തരാക്കി. ലോറിയിൽ നിന്ന് പുറത്തേക്കുയർന്ന് നിന്നിരുന്ന വൈക്കോൽ കെട്ട് വൈദ്യുതി കമ്പിയിൽ ഉരസിയതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു.
ലോറിക്ക് മുകളിൽ തീ പടരുന്നത് കണ്ട് ഓടിയെത്തിയ സമീപ വാസികളും, വീട്ടുകാരും തീപിടിച്ച വാഹനത്തിലേക്ക് വെള്ളം കോരിയൊഴിച്ചും, സാഹസികമായി വൈക്കോൽ കെട്ടുകൾ ലോറിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടും തീയണക്കാൻ നാട്ടുകാർ ഒന്നായി ശ്രമിച്ചതോടെയാണ് വലിയ അപകടം ഒഴിവായത്. തീപ്പിടിത്തമുണ്ടായ റോഡിനടുത്തുള്ള പതിയാട്ടുവളപ്പിൽ ഹസ്സൻെറ വീട്ടിലെ തെങ്ങ് പൂർണ്ണമായും കത്തിനശിച്ചു.
പുറത്തേക്ക് തള്ളി നിന്നിരുന്ന വൈക്കോൽ വൈദ്യുതി കമ്പിയിൽ തട്ടി ഏതാനു ആഴ്ചകൾക്ക് മുമ്പും സമീപ പ്രദേശത്ത് തീപിടിത്തമുണ്ടായതായി നാട്ടുകാർ പറഞ്ഞു. വീതി കുറഞ്ഞ റോഡിനോട് ചേർന്ന് നിറയെ വീടുകൾ ഉള്ള സ്ഥലത്ത് വെച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. വീടുകളിൽ നിന്ന് ഓടിയെത്തിയ പ്രദേശവാസികൾ അതിസാഹസികമായി നടത്തിയ തീയണക്കാനുള്ള ശ്രമമാണ് താെട്ടടുത്ത വീടുകളിലേക്കും, കൃഷി ഇടങ്ങളിലേക്കും, തീ പടരാതിരിക്കാൻ കാരണമായത്.
വാഹനത്തിൽ നിന്ന് വൈക്കോൽ പൂർണ്ണമായും വലിച്ചു മാറ്റിയതിനാൽ തീപിടിത്തത്തിൽ നിന്ന് ലോറിയേയും രക്ഷപ്പെടുത്താനായി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.
Summary:
A lorry carrying hay caught fire in a residential area. The incident took place near Karukaputhur in Thirumittakode panchayat. The lorry carrying hay caught fire on the Akilanam-Karukaputhur road. Both sides of the narrow road are full of houses. The fire in the residential area has left people in a state of panic. Locals say that the fire broke out after a bundle of hay sticking out of the lorry rubbed against an electric wire.

