ലോകത്തെ വിസ്മയിപ്പിച്ച ബഹിരാകാശ യാത്രിക 'നാസ'യിൽ നിന്ന് പടിയിറങ്ങി; ഇന്ത്യൻ വംശജ സുനിത വില്യംസ് ഗവേഷണ രംഗത്ത് വഴികാട്ടിയെന്ന് പ്രശംസ

ബഹിരാകാശ ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു.  2025 ഡിസംബർ 27ന് സുനിത വിരമിച്ചതായി 'നാസ' സ്ഥിരീകരിച്ചു. യു.എസ് നേവിയിലെ സേവനത്തിന് ശേഷം 1998ലാണ് അവർ നാസയിൽ ചേർന്നത്. 27 വർഷത്തെ ബഹിരാകാശ സേവനത്തിന് ശേഷമാണ് നാസയിൽ നിന്നും സുനിത വിരമിച്ചത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം നീണ്ട തൻ്റെ അവിസ്‌മരണീയമായ ഔദ്യോഗിക ജീവിതത്തിനാണ് അറുപതാം വയസ്സിൽ അവർ വിരാമമിട്ടത്. 

2006 ഡിസംബറിൽ STS-116 എന്ന ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസിന്റെ തുടക്കം. അന്ന് എക്സ്പെഡിഷൻ 14/15ന്റെ ഭാഗമായി 29 മണിക്കൂറും 17 മിനിറ്റും നീണ്ട നാല് ബഹിരാകാശ നടത്തങ്ങളിലൂടെ അക്കാലത്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച യാത്രികരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സുനിത. ആകെ ഒമ്പത് ബഹിരാകാശ നടത്തങ്ങൾ പൂർത്തിയാക്കി ലോകത്ത് നാലാം സ്ഥാനത്തെത്തി. ബഹിരാകാശ നിലയത്തിനുള്ളിൽ വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന അപൂർവ്വ നേട്ടവും സുനിതക്ക് തന്നെയാണ്.

മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ച സുനിത, ലോകമെമ്പാടുമുള്ള വനിതകൾക്കും ശാസ്ത്ര പ്രേമികൾക്കും ഏറെ പ്രചോദനമായിരുന്നു. ഒൻപത് തവണയായി 62 മണിക്കൂർ ബഹിരാകാശത്ത് നടന്ന് സുനിത സ്ഥാപിച്ച റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ തുടരുന്നു.

സുനിതയുടെ കരിയറിലെ അവസാന ദൗത്യം ഏറെ നാടകീയമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2024 ജൂണിൽ വെറും എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതയ്ക്കും സഹയാത്രികൻ ബുച്ച് വിൽമോറിനും സാങ്കേതിക തകരാറുകൾ മൂലം അവിടെ തുടരേണ്ടി വന്നു. 

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സ്പേസ് എക്സ് പേടകത്തിൽ 2025 മാർച്ചിലാണ് അവർ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തിയത്. ഒരു വർഷത്തോളം നീണ്ട ആ പ്രതിസന്ധി ഘട്ടത്തിലും തളരാതെ തൻ്റെ ജോലികൾ തുടർന്ന സുനിതയുടെ നിശ്ചയദാർഢ്യം ലോകം ഏറെ ആദരവോടെയാണ് നോക്കിക്കണ്ടത്. 

നാസയുടെ പടിയിറങ്ങുമ്പോൾ 'മനുഷ്യ ബഹിരാകാശ യാത്രയിലെ വഴികാട്ടി' എന്നാണ് നാസ അഡ്മ‌ിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ സുനിതയെ വിശേഷിപ്പിച്ചത്. 

നിലവിൽ ഇന്ത്യ സന്ദർശിച്ചുകൊണ്ടിരിക്കുന്ന സുനിത വില്യംസ്, ബഹിരാകാശത്തെ ഇന്ത്യയുടെ അഭിമാനമായി മാറിയാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് തിരശ്ശീലയിടുന്നത്.

Summary:

Sunita Williams, an Indian-origin astronaut who amazed the space world, has retired from NASA. NASA confirmed that Sunita has retired on December 27, 2025. She joined NASA in 1998 after serving in the US Navy. Sunita retired from NASA after 27 years of space service. She ended her memorable career spanning almost three decades at the age of 60.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം