സരസ് മേളയിൽ തരംഗമായി 'മിഞ്ചി'; സ്വർണ്ണത്തിളക്കത്തിൽ ദേവികയുടെ പഞ്ചലോഹ പെരുമ


കാൽ വിരലുകളിൽ സ്വർണ്ണത്തിളക്കമുള്ള മിഞ്ചികൾ അണിയാൻ ചാലിശ്ശേരിയിലെ സരസ് മേളയിൽ സ്ത്രീകളുടെ നീണ്ട നിര കാണാം . കൊടുങ്ങല്ലൂർ അമരിപ്പാടം സ്വദേശിനി ദേവിക പിതാംബരന്റെ പഞ്ചലോഹ ആഭരണ സ്റ്റാളാണ് മേളയിലെ പ്രധാന ആകർഷണ കേന്ദ്രം. സ്വർണ്ണമാണോ എന്ന് തോന്നിപ്പിക്കുന്ന ഫിനിഷിംഗും ഈടുമാണ് 'പൊന്നൂസ്' എന്ന തന്റെ ബ്രാൻഡിലൂടെ ദേവിക അവതരിപ്പിക്കുന്നത്.

പാരമ്പര്യവും ഫാഷനും ഒരുപോലെ ചേരുന്ന പഞ്ചലോഹ മിഞ്ചികൾക്കാണ് മേളയിൽ ആവശ്യക്കാർ ഏറെയുള്ളത്. ആഭരണങ്ങൾ ഒരിക്കലും നിറം മങ്ങില്ലെന്നതും സ്വർണ്ണത്തിന് സമാനമായ നിറം നിലനിർത്തുമെന്നതുമാണ് സ്ത്രീകളെ ഇതിലേക്ക് ആകർഷിക്കുന്നത്. 100 രൂപ മുതൽ ആരംഭിക്കുന്ന മിഞ്ചികളുടെ വൈവിധ്യമാർന്ന ശേഖരം കാണാനും വാങ്ങാനും തിരക്ക് ഒഴിയുന്നില്ല. മിഞ്ചിക്ക് പുറമെ പഞ്ചലോഹത്തിൽ തീർത്ത വളകൾ, മാലകൾ, പാദസരങ്ങൾ, കമ്മലുകൾ എന്നിവയും സ്റ്റാളിലുണ്ട്.

2015-ൽ വള്ളിവട്ടം 'തണൽ' കുടുംബശ്രീ അയൽക്കൂട്ടത്തിലൂടെ തുടങ്ങിയ ദേവികയുടെ യാത്ര ഇന്ന് ഇന്ത്യയറിയപ്പെടുന്ന സംരംഭകയായി വളർന്നു കഴിഞ്ഞു. 2023ൽ ഗോവയിൽ നടന്ന ഓൾ ഇന്ത്യ എക്സിബിഷനിൽ മികച്ച സംരംഭകയ്ക്കുള്ള പുരസ്കാരം ദേവികയെ തേടിയെത്തിയിരുന്നു. 

കേരളത്തിന്‌ അകത്തും പുറത്തുമായി ഇതിനോടകം 100 ഓളം മേളകളിൽ ദേവിക പങ്കെടുത്തു കഴിഞ്ഞു.  2023 ലെ ഗോവ എക്സിബിഷനിൽ 12 ദിവസം കൊണ്ട് 6 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതൽ  കച്ചവടം നടന്നതും ഗോവയിലാണ്.  കണ്ണൂർ ധർമ്മടത്ത് നടന്ന സരസ് മേളയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. 

കേരളത്തിന് പുറത്തും വലിയ ഡിമാൻഡാണ് പഞ്ചലോഹ ആഭരണങ്ങൾക്ക് ലഭിക്കുന്നത് എന്ന് സംരംഭക പറയുന്നു. മേളകളിൽ എത്തുന്നവർക്ക് പുറമെ ഇന്ത്യയിലെവിടെയും കൊറിയർ വഴി ആഭരണങ്ങൾ എത്തിച്ചുകൊടുക്കുന്ന ഓൺലൈൻ വിപണനവും പൊന്നൂസ് സജീവമായി നടത്തുന്നുണ്ട്.

ചെങ്ങന്നൂർ സരസ് മേളയിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം ചാലിശ്ശേരി സരസ് മേളയിലൂടെ മാറി എന്ന് എന്നും ആഭരണങ്ങൾ വാങ്ങി മടങ്ങുന്ന ഓരോ വീട്ടമ്മയുടെയും മുഖത്തെ സംതൃപ്തിയാണ് തന്റെ വിജയമെന്നും ഈ യുവ സംരംഭക പറയുന്നു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം